
ലക്‌നൗ: അവിഹിത ബന്ധം ചോദ്യം ചെയ്ത മാതാവിനെ ബെൽറ്റുകൊണ്ടടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പതിനാറുകാരിയായ മകൾ കല്ലുകൊണ്ടിടിച്ചുകൊന്നു. ഗ്രേറ്റർ നോയിഡയിൽ ജൂവലറി ഷോപ്പ് നടത്തുന്ന നാൽപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ മദുബൻ ബപ്പുദം പ്രദേശത്ത് ഭാര്യയ്ക്കും മകൾക്കും രണ്ട് ആൺമക്കൾക്കുമൊപ്പം സഞ്ജയ് നഗറിലായിരുന്നു ഇയാളുടെ താമസം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നെഹ്‌റു നഗറിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പ്രദേശത്തെ സ്കൂളിന് സമീപം കാർ പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ ദൂരെ കണ്ട കാർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് വീട്ടിൽ രക്തക്കറ കണ്ടെത്തി. ചോദ്യംചെയ്യലിൽ സ്ത്രീയും മകളും കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാൾ നിരന്തരം തന്നെയും മക്കളെയും മർദ്ദിക്കുമായിരുന്നെന്നും സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഇയാൾ മറ്റൊരു സ്ത്രീയുമായി വീഡിയോകോളിലൂടെ സംസാരിക്കുന്നത് ഭാര്യ കണ്ടു. തുടർന്ന് ഇവർ ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ഭർത്താവുമായി സംസാരിക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കുകയും ചെയ്തു. ബന്ധം തുടരരുതെന്ന പറഞ്ഞ ഭാര്യയെ ബെൽറ്റുകൊണ്ടടിക്കാനും ചവിട്ടാനും ആരംഭിച്ചു. അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകളെ ഇയാൾ നിലത്ത് തള്ളിയിട്ടു. അതോടെ മകൾ അടുക്കളയിലിരുന്ന അമ്മിക്കുട്ടിയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം ദമ്പതികളുടെ ആൺമക്കളും വീട്ടിലുണ്ടായിരുന്നു. 2017ൽ ആറാം ക്ളാസിലായിരുന്ന മകളുടെ പഠനം പിതാവ് നിറുത്തിച്ചതായി സ്ത്രീ പറഞ്ഞു.
മകൾ യു ട്യൂബ് വീഡിയോ നോക്കി കാർ ഓടിക്കാൻ പ്രാക്ടിസ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം മകളും അമ്മയും ചേർന്ന് തങ്ങളുടെ വാഗണർ കാറിൽ മൃതദേഹം കയറ്റി കുറച്ചകലത്തായി കാറും മൃതദേഹവും ഉപേക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ഇരുവരെയും അറസ്റ്റ് ചെയ്തു. പതിനാറുകാരിയെ ജുവനൈൽ ഹോമിലേക്കയച്ചു.