sadya

നാടെങ്ങും ക്ഷേത്രനടകൾ തുറക്കുന്ന പുലർകാലത്ത് തിരുവാർപ്പിലപ്പൻ ഓണസദ്യയുണ്ണും. ഓണസദ്യകഴിക്കാൻ അന്നുച്ചവരെ വിശന്ന് കാത്തിരിക്കാൻ തിരുവാർപ്പിലപ്പനായ കണ്ണന് വയ്യ. ഭാരതത്തിൽ ആദ്യമായി നടതുറക്കുന്നത് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. പുലർച്ചെ 2 ന് നടതുറന്ന് ഭഗവാന് ഉഷ:പ്പായസം നേദിക്കും. ഓണനാളിൽ പുലർച്ചെ 5 ന് ഓണസദ്യ ഉണ്ണണമെന്നുള്ളതും ഭഗവാന് നിർബന്ധമാണ്. ഇതിനായി 25 ഓളം വിഭവങ്ങൾ ചേർന്ന സദ്യയാണ് ഒരുക്കുന്നത്. 18 തരം ഉപ്പേരികളും, പായസവും പഴംനുറുക്കുമൊക്കെയുണ്ട്. അത്യപൂർവമായ തൃക്കറിയും നിവേദിക്കണം. വിശപ്പ് ഒട്ടും സഹിക്കാനാവാത്ത തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ഭക്ഷണപ്രിയനാണ്. അതാണ് ഇത്രയധികം വിഭവങ്ങളോടെ ഭഗവാന് ഓണസദ്യ ഒരുക്കുന്നതെന്ന് മേൽശാന്തി മുളവേലിപ്പുറം ഹരി നമ്പൂതിരി പറഞ്ഞു.

തൃക്കറി പ്രത്യേകമുണ്ടാക്കുന്ന വിഭവമാണ്. ചേന, ഏത്തയ്ക്ക എന്നിവ ചേർത്ത് വേവിച്ച് അതിൽ കുരുമുളക് പൊടിയും ഉപ്പും തേങ്ങയും അരച്ച് ചേർക്കും. ശീമചേമ്പ്, ചെറചേമ്പ്, മാറാൻചേമ്പ്, കണ്ണൻചേമ്പ്, ഏത്തയ്ക്ക, പാവയ്ക്ക, ചേന, വഴുതനങ്ങ, അച്ചിങ്ങ, ഇഞ്ചി, താൾ, പച്ചക്കുരുമുളക്, പച്ചമുളക്, ചീട, പുത്തരിച്ചുണ്ട, ശർക്കരയപ്പേരി, ചക്കയപ്പേരി, നാളികേരം, പപ്പടം ഇത്രയും സാധനങ്ങൾ പ്രത്യേകം വറുത്ത് ഉപ്പേരിയാക്കും. തുടർന്ന് പഴം നുറുക്ക്, പഴംപ്രഥമൻ, പാൽപ്പായസം, ശർക്കരപ്പായസം, വെള്ളനിവേദ്യം, കദളിപ്പഴം, വെണ്ണ എന്നിവയും ഭഗവാന് വിളമ്പും. രാവിലത്തെ എതൃത്തപൂജയ്ക്കാണ് ഓണസദ്യയും നിവേദിക്കുന്നത്. 9 ഓടെ പന്തീരടിപൂജയ്ക്ക് ശേഷം നടതുറക്കും. തുടർന്ന് ഊട്ടുപുരയിൽ ഭഗവാന് വിളമ്പിയ അതേ വിഭവങ്ങൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.