space-x-starlink

സാൻഫ്രാൻസിസ്‌കോ: 51 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ വിന്യസിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്റ്റാർലിങ്ക് പദ്ധതിക്ക് വേണ്ടിയുള്ള 40-ാം വിക്ഷേപണ ദൗത്യം ഇലോൺ മസ്കിന്റെ കമ്പനി പൂർത്തിയാക്കി.

ഫാൽക്കൺ 9 റോക്കറ്റിലാണ് 51 ഉപഗ്രങ്ങൾ വിക്ഷേപിച്ചത്. ഒപ്പം സ്‌പേസ് ഫ്ളൈറ്റിന്റെ ഷെർപ്പ എൽ.ടി.സി എന്ന ഉപഗ്രഹവും ഉണ്ടായിരുന്നു. ഫ്ളോറിഡയിലെ കേപ്പ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40യിൽ നിന്നായിരുന്നു വിക്ഷേപണം.

ബോയിംഗിന്റെ വരുണ ടെക്‌നോളജി മിഷന്റെ ഭാഗമായി ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 147 നോൺ ജിയോ സ്റ്റേഷനറി ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളുടെ വിബാൻഡ് കമ്മ്യൂണിക്കേഷൻ പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളാണ് ഷെർപ്പ എൽ.ടി.സി ഓർബിറ്റൽ ട്രാൻസ്ഫ‌ർ വെഹിക്കിളിലുള്ളത്.

ഭൂമിയിൽ നിന്ന് 310 കിലോമീറ്റർ ഉയരത്തിലാണ് ഷെർപ്പ എൽ.ടി.സി വിന്യസിക്കുക. തുടർന്ന് ഇതിലെ ഹൈത്രസ്റ്റ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ഷെർപ്പ എൽ.ടി.സി അതിനായി നിശ്ചയിച്ചിട്ടുള്ള 1000 കി.മീ സർക്കുലർ ഓർബിറ്റിലേക്ക് നീങ്ങും. രണ്ട് വർഷത്തോളം പരീക്ഷണം തുടരും.

ഓരോ അഞ്ച് ദിവസം കൂടുമ്പോഴും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നുണ്ടെന്നും 2023ൽ 100 ദൗത്യങ്ങൾ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത് എന്നും മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.

വർഷം 31 വിക്ഷേപണ ദൗത്യങ്ങങ്ങൾ നടത്തിയ സ്വന്തം റെക്കാഡും സ്‌പേസ് എക്‌സ് മറികടന്നിരുന്നു. കഴിഞ്ഞ മാസം 54 ഉപഗ്രങ്ങളാണ് കമ്പനി വിക്ഷേപിച്ചത്.

അതേസമയം റോയൽ കരീബിയൻ ഗ്രൂപ്പ് തങ്ങളുടെ ആഡംബര കപ്പലുകളിൽ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും കുറഞ്ഞ ലേറ്റൻസിയിൽ അതിവേഗ ഇന്റർനെറ്റ് ഒരുക്കുന്നതിന് സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. ആദ്യമായാണ് ക്രൂയിസ് കപ്പലുകളിൽ സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കുന്നത്.