rajpath

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രാഷ്‌ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള‌ള ഭാഗത്തിന്റെ പേര് മാറ്റാൻ കേന്ദ്ര സർ‌ക്കാർ. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റും. പാർലമെന്റിന് സമീപം സെൻട്രൽ വിസ്‌ത അവന്യു ഈ മാസം എട്ടിന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങവെയാണ് രാജ്‌പഥിന്റെ പേര് മാറുന്നത്.

ബ്രിട്ടീഷ് ആധിപത്യകാലത്ത് ജോർജ് അഞ്ചാമൻ രാജാവിന്റെ കാലത്താണ് രാജ്യതലസ്ഥാനത്തെ ഈ പ്രധാന വഴിയ്‌ക്ക് കിംഗ്‌സ് വേ എന്ന പേരിട്ടത്. പിന്നീട് സ്വാതന്ത്ര്യാനന്തരം അത് ഹിന്ദിയിലേക്ക് മൊഴിമാറ്റി രാജ്‌പഥ് എന്നാക്കി. രാജ്യത്തെ ബ്രിട്ടീഷ് സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കർത്തവ്യമാർഗ് എന്ന് പേര് നൽകിയത്. ഓഗസ്‌റ്റ് 15ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊളോണിയൽ ചരിത്ര ഭാഗമായ ചിഹ്നങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മുൻപ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിന്റെ ഉദ്ഘാടനവേളയിൽ നാവികസേനയുടെ പതാകയിലെ ബ്രിട്ടീഷ് ചിഹ്നങ്ങൾ ഒഴിവാക്കി പുതുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള‌ള റോഡിന്റെ പേര് റേസ് കോഴ്‌സ് റോഡ് എന്നതിൽ നിന്നും ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയതും നാളുകൾക്ക് മുൻപാണ്.