
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്‌ടാവ് എന്ന് കുപ്രസിദ്ധനായ കളളൻ പൊലീസ് പിടിയിലായി. 5000ലധികം വാഹനങ്ങൾ മോഷ്‌ടിച്ചിട്ടുളള കളളൻ അനിൽ ചൗഹാൻ(52) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഒരു വലിയ മോഷണ സംഘത്തിന്റെ തലവനുമാണിയാൾ.
പൊലീസ് പിടിയിലാകുമ്പോൾ ഇയാളുടെ പേരിൽ 180ഓളം കേസുകളുണ്ടായിരുന്നു. എല്ലാം വാഹനമോഷണം തന്നെ. ആറ് നാടൻ തോക്കുകളും ഏഴ് കാട്രിഡ്‌ജുകൾ, മോഷ്‌ടിച്ച ഒരു മോട്ടോർ സൈക്കിൾ എന്നിവയുമായാണ് അനിൽ ചൗഹാനെ പിടികൂടിയത്.
അസാമിലെ ഖാൻപൂർ എക്‌സ്‌റ്റൻഷനിലെ തേജ്‌പൂർ സ്വദേശിയാണ് ചൗഹാൻ. 1998മുതൽ വാഹനമോഷണം ഇയാളുടെ പതിവാണ്. മുൻപ് ഒരു സർക്കാർ കോൺട്രാക്‌ടറായി ഇയാൾ ജോലി നോക്കിയിട്ടുണ്ടെങ്കിലും തട്ടിപ്പ് നടത്തിയതിനെ തുടർന്ന് എൻഫോഴ്സ്‌മെന്റ് റെയ്‌ഡ് നടത്തി സ്വത്ത് വകകൾ പിടിച്ചെടുത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കണ്ടാമൃഗത്തിന്റെ കൊമ്പ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഡൽഹിയിൽ അനധികൃത ആയുധവിതരണക്കാരുടെ വിവരങ്ങൾ അറിഞ്ഞ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടെയാണ് അനിൽ ചൗഹാൻ പിടിയിലായത്.