nitish

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമോ അഭിലാഷമോ ഇല്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം ഒന്നിച്ചാൽ രാജ്യത്ത് നല്ലൊരു അന്തരീക്ഷം സംജാതമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹി സന്ദർശനവേളയിൽ നീതീഷ് കണ്ടിരുന്നു. ഇത് പ്രതിപക്ഷ ഐക്യം എന്ന ആവശ്യത്തിലൂന്നിയാണെന്നാണ് വിവരം. ബീഹാർ സർക്കാരിന് കോൺഗ്രസ് നൽകുന്ന പിന്തുണയ്‌ക്ക അദ്ദേഹം രാഹുൽ ഗാന്ധിയോട് നന്ദിയും രേഖപ്പെടുത്തി. സമാന ചിന്താഗതിയുള‌ള പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തിരുന്നു.

ഡൽഹി സന്ദർശനത്തിന് മുന്നോടിയായി നിതീഷ് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയെയും റാബറി ദേവിയെയും കണ്ടിരുന്നു. അതേസമയം 2024 തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ടിആ‌‌ർഎസ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു പറഞ്ഞു.