human-trafficking

കൊല്ലം: കൊല്ലത്ത് നിന്ന് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ടൂറിസ്റ്റ് വിസയിൽ തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്ക തിരുകോണമല കുച്ചവേളി സ്വദേശി പവിത്രൻ(27), ടിങ്കോമാലി സ്വദേശി സുദർശൻ (27), അഭയാർത്ഥികളായെത്തിയ നവനീതൻ(24), പ്രകാശ് രാജ്(22), അജയ് (24),ജദൂർസൻ(21), പ്രസാദ്(24), ശരവണൻ(24), മതിവണ്ണൻ(35), ക്വീൻസ് രാജ് (22)​, ദിനേശ്കുമാർ(36) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബോട്ട് മാർഗം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നായിരുന്നു ഏജന്റായ കൊളംബോ സ്വദേശി ലക്ഷ്മണൻ ഇവരെ അറിയിച്ചത്.

ലക്ഷ്മണനെ ഇവർ നേരിൽ കണ്ടിട്ടില്ല. വാട്സാപ്പ് വഴിയാണ് വിളിക്കുന്നത്. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം വിദേശത്തേക്ക് എത്തിക്കാമെന്നായിരുന്നു ഏജന്റ് നൽകിയ ഉറപ്പ്. രണ്ടര ലക്ഷം രൂപയാണ് കടൽ കടക്കാൻ ഒരാളിൽ നിന്ന് ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്ലത്തെ ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കടൽമാർഗം വിദേശരാജ്യങ്ങളിലേക്ക് കടക്കാനായി ഞായറാഴ്‌ച രാത്രി പത്ത് മണിയോടെ ശ്രീലങ്കൻ അഭയാർത്ഥി സംഘം കൊല്ലത്തെത്തിയതായി കൊല്ലം സിറ്റി പൊലീസിന് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. മൂന്ന് പേരുടെ ചിത്രവും പേരും കൈമാറി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീലങ്കക്കാർ കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിലുള്ളതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 11 പേരും പിടിയിലായത്.