
കൊച്ചി: ലഹരിമാഫിയയുടെ ചതിയിൽ കുടുങ്ങി ഖത്തറിൽ ജയിലിലായ മകനെ രക്ഷിക്കാൻ വരാപ്പുഴ പാപ്പുത്തറ വീട്ടിൽ ജയയ്ക്ക് മുന്നിലുള്ളത് 30 ദിവസം മാത്രം. ഇതിനുള്ളിൽ ശരിയാക്കേണ്ട രേഖകൾ അനവധി. മകൻ യശ്വന്തിനെ (24) നാട്ടിലെത്തിക്കാൻ പൊന്നോണക്കാലത്തും നെട്ടോട്ടത്തിലാണ് ഈ അമ്മ.
ജൂൺ ഏഴിനാണ് ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസിന്റെ വാക്കുവിശ്വസിച്ച്, മർച്ചന്റ് നേവിയിൽ ഡിപ്ലോമക്കാരനായ മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്. ഫിഫ ഫുട്ബാൾ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളിൽ ജോലിയൊഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ജയയെ സമീപിച്ചത്. വീട്ടുപണിക്കുപോയി കുടുംബം പോറ്രുന്ന ജയ മകന് വിദേശത്ത് ജോലികിട്ടുന്നത് വലിയ പ്രതീക്ഷയോടെ കണ്ടു. സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം നിയാസ് തരപ്പെടുത്താമെന്ന് ഏറ്രു.
നെടുമ്പാശേരിയിൽ നിന്ന് പറന്ന വിമാനം ദുബായിൽ എത്തിയപ്പോഴാണ് അപകടം മണക്കുന്നത്.ദുബായിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു പാഴ്സൽ കെട്ടിയേൽപ്പിച്ചു. ഖത്തറിലിറങ്ങിയ യശ്വന്തിനെ വിമാനത്താവള അധികൃതർ പിടികൂടിയപ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് തന്നുവിട്ടതെന്ന് മനസിലാകുന്നത്.
പിന്നീട് മകനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് നിയാസിനെ ജയ വിളിച്ചെങ്കിലും യശ്വന്ത് ക്വാറന്റൈനിൽ ആയിരിക്കുമെന്ന് പറഞ്ഞൊഴിഞ്ഞു. ഖത്തർ ജയിലിൽ നിന്ന് യശ്വന്ത് വിളിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ജയ അറിയുന്നത്. ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നൽകിയിട്ടുണ്ട്. യശ്വന്തിനെ ജാമ്യത്തിലിറക്കാനും തിരികെ നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നുൾപ്പെടെ നിരവധി രേഖകളും മറ്റും വേണം. ഉന്നതർ നേരിട്ട് വിളിച്ചാൽ ജാമ്യവും മടക്കയാത്രയും എളുപ്പമാകുമെന്നാണ് ഖത്തർ ജയിൽ അധികൃതർ അറിയിച്ചതെന്ന് ജയ പറയുന്നു. 30 ദിവസത്തികം ഇവ എത്തിച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് പോകും.
നിരവധിപ്പേരെ കെണിയിലാക്കി
നിയാസും സംഘവും സമാനമായി കബളിപ്പിച്ച് വിദേശത്തേക്ക് അയച്ച 25ലധികം പേരിൽ പലരും ജയിലിലാണ്. ടൂറിസ്റ്റ് വിസയാണ് സംഘം നൽകിയിരുന്നത്.