
പാലക്കാട്: അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത ബസ് തടഞ്ഞിട്ട് സ്‌കൂട്ടർ യാത്രക്കാരി. കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചത്.
പാലക്കാട് - ഗുരുവായൂർ റൂട്ടിലോടുന്ന 'രാജപ്രഭ' എന്ന ബസാണ് അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തത്. ബസ് സ്‌കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ തന്നെ ഇടിച്ചിടാൻ പോയെന്നാണ് യുവതിയുടെ ആരോപണം. വലിയൊരു അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും സാന്ദ്ര പ്രതികരിച്ചു.
തുടർന്ന് ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ, യുവതി സ്‌കൂട്ടർ അതിന്റെ മുന്നിൽ നിർത്തുകയും ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ സമയം ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നെന്ന് സാന്ദ്ര ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.