nikhitha-aneesh

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ച് കൊന്നതിന് പിന്നിൽ ഭർത്താവിന്റെ സംശയമെന്ന് നിഗമനം. ആലപ്പുഴ സ്വദേശി നിഖിത(26)യെയാണ് വര്‍ക്കല അയന്തിയിലെ വീട്ടിൽ വച്ച് ഭർത്താവ് അനീഷ് കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ജൂലായ് എട്ടിന് വിവാഹിതരായ നിഖിതയും അനീഷും പിന്നീട് വിദേശത്തേക്ക് പോയിരുന്നു. പത്ത് ദിവസം മുമ്പാണ് ഇവർ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. കാലിന് പരിക്കേറ്റ അനീഷിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടിൽ തിരിച്ചെത്തിയത്. ദമ്പതികൾക്കിടയിൽ വഴക്കും തർക്കവും ഉണ്ടായിരുന്നതായാണ് വിവരം. അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.

നിലവിളയ്ക്ക് കൊണ്ട് തലയ്ക്കടിച്ചും വയറില്‍ കുത്തിയുമാണ് അനീഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അനീഷിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ലവരെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴയില്‍നിന്ന് നിഖിതയുടെ ബന്ധുക്കളും വര്‍ക്കലയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.