
ബംഗളൂരു : കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ബംഗളൂരു നഗരത്തിലെ മിക്കയിടങ്ങളും വെള്ളക്കെട്ടിലായപ്പോൾ ടെക്കികളുടെ രക്ഷയ്‌ക്കെത്തിയത് ട്രാക്ടറുകൾ. വെള്ളം ഉയർന്ന നഗരത്തിലെ ചിലയിടങ്ങളിൽ ബോട്ട് സർവീസ് ആരംഭിച്ചതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഐ ടി ഓഫീസിലെ ജീവനക്കാരിൽ മിക്കവരേയും ഓഫീസിലെത്താൻ സഹായിച്ചത് ട്രാക്ടറുകളാണ്. അമ്പത് രൂപയാണ് ട്രാക്ടറിലെ യാത്രയ്ക്കായി ടെക്കികളിൽ നിന്നും ഈടാക്കിയത്. ലീവുകൾ മഴയുടെ പേരിൽ കളയാൻ മടിച്ചാണ് ഇവർ ജോലിക്കെത്തിയത്.
ബംഗളൂരുവിൽ അടുത്തിടെയുണ്ടായ മഴയും വെള്ളക്കെട്ടും മൂലം 225 കോടി രൂപയുടെ നഷ്ടം ഐ ടി കമ്പനികൾക്ക് ഉണ്ടായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കനത്തമഴയിൽ വ്യാപാരികൾക്കും കനത്ത നഷ്ടമാണുണ്ടായത്. കെട്ടിടങ്ങളുടെ ബേസ്‌മെന്റുകൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് വെള്ളം കയറിയ ഭാഗത്ത് നിന്നും മോട്ടോർ ഉപയോഗിച്ചാണ് ഓടകളിലേക്ക് വെള്ളം പമ്പ് ചെയ്തത്.