
തിരുവനന്തപുരം: സ്പീക്കർ സ്ഥാനം രാജിവച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്‌ഭവനിൽവച്ച് പതിനൊന്ന് മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുക്കുകയും അദ്ദേേഹം രാജിവയ്ക്കുകയും ചെയ്ത ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശം, എക്സൈസ് എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. ഇതേവകുപ്പുകൾ തന്നെ എം ബി രാജേഷിന് നൽകുമെന്നാണ് സൂചന. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ചടങ്ങിന് മുൻപായി അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വകുപ്പുകളിൽ മാറ്റമുണ്ടാകാനും സാദ്ധ്യതയുണ്ട്.

അതേസമയം, എം ബി രാജേഷിന് പകരം തലശേരി എംഎൽഎ എ എൻ ഷംസീർ കേരള നിയമസഭയുടെ പുതിയ സ്പീക്കറാകും. ഷംസീറിനെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക നിയമസഭാസമ്മേളനം 12ന് രാവിലെ 10 മണിക്ക് ചേരും. ഈ മാസം ഒന്നിന് അവസാനിച്ച നിയമസഭാസമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് 12ന്റെ സമ്മേളനവും. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്താനാണ് ആലോചിക്കുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഒരു മണിക്കൂർ കൊണ്ട് അവസാനിക്കും. സ്ഥാനാർത്ഥിയെ നിറുത്തിയാൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തും. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുമോദിച്ച് സംസാരിക്കും.