
റബറിന് ഇന്ന് കാണുന്ന വിലയിടിവ് അന്താരാഷ്ട്ര വിപണിയിൽ അനുഭവപ്പെടുന്ന ഒരു പ്രതിഭാസം ആണ്. അതുകൊണ്ട് തന്നെ ഇത് ഭാരതത്തിൽ മാത്രം അനുഭവപ്പെടുന്നതാണ് എന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. റബറിന്റെ 120 വർഷത്തെ ചരിത്രമെടുത്താൽ ഇത്തരം വിലയിടിവ് ഓരോ കാലഘട്ടത്തിലും അനുഭവപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ താരതമ്യേന ഉണ്ടായിരുന്ന വിലക്കൂടുതലിൽ നിന്നും ഈ വർഷം പ്രകടമായി വില താഴോട്ട് പോന്നതിന് ചില കാരണങ്ങളുണ്ട്. അത് കൊവിഡ് വ്യാപനവുമായി ബന്ധപെട്ടിരിക്കുന്നു. 2019 മുതൽ ലോകത്ത് പടർന്ന് പിടിച്ച കൊവിഡ് മഹാമാരിയെ ചെറുത്ത് നിൽക്കാൻ ലോക രാജ്യങ്ങൾ കോടികളുടെ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിച്ച് വന്നിരുന്നത്. ഇതിൽ കയ്യുറ പോലുള്ള വസ്തുക്കൾ പൂർണമായും റബറിൽ നിന്നാണ് ഉൽപാദിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഉൽപന്നങ്ങൾക്ക് വിപണിയിൽ അഭൂതപൂർവമായ ആവശ്യകത ഉണ്ടായിരുന്നതിന്റെ ഫലമായി ലാറ്റക്സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയർന്ന തോതിൽ ഉപയോഗിക്കപ്പെട്ടുകയുണ്ടായി. ഇത് ലാറ്റക്സിന്റെ ഡിമാന്റ് വർദ്ധിപ്പികുകയും നമുക്ക് ഉയർന്ന വില കിട്ടാൻ സഹായകമാവുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ടൺ കണക്കിന് ലാറ്റക്സ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം റബർ പാൽ വില 170 ന് മുകളിൽ എത്തി.
റബർ പാലിന് ഷീറ്റിനേക്കാൾ വില കിട്ടുന്ന സാഹചര്യം കർഷകരെ കൂടുതൽ റബർ പാൽ സംഭരിച്ച് വിൽക്കുന്നതിന് പ്രേരിപ്പിച്ചു. ഷീറ്റ് ഉണ്ടാക്കിയിരുന്ന ധാരാളം കർഷകർ തങ്ങളുടെ ഉൽപന്നം പാലായി തന്നെ കൊടുക്കാൻ ആരംഭിച്ചു. മാത്രമല്ല ടാപ്പിംഗ് തൊഴിലാളികളെ സംബന്ധിച്ച് റബർ കറയിൽ നിന്ന് ഷീറ്റ് ഉണ്ടാക്കുന്ന പ്രക്രിയ വളരെ ബുദ്ധിമുട്ടേറിയതിനാൽ അവരും പാൽ സംഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇതെല്ലാം തന്നെ വിപണിയിൽ റബർ പാൽ കച്ചവടം അനുദിനം ഉയരാൻ ഇടയായി.
സമീപകാലത്തായി ലോക രാജ്യങ്ങൾ ഉൾപ്പെടെ കൊവിഡ് ഭീഷണിയിൽ നിന്ന് മുക്തമായിവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ മാർഗങ്ങളിൽ നിന്ന് മെല്ലെ പുറകോട്ട് പോയത് കയ്യുറകൾ പോലുള്ള റബ്ബർ അധിഷ്ഠിത ഉൽപന്നങ്ങളുടെ വിപണനത്തെ വിപരീതമായി ബാധിച്ചു ഈ ഉൽപന്നങ്ങൾ ധാരാളം കെട്ടി കിടക്കുന്നതിനും അതുവഴി അസംസ്കൃത വസ്തുവായ റബർ പാലിന്റെ ഡിമാന്റ് വളരെ പെട്ടന്ന് താഴുന്നതിനും ഇത് ലോക വിപണിയിൽ റബർ പാലിന്റെ വില ക്രമാതീതമായി താഴുന്നതിനും ഇടയാക്കി.
അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയമായി മാത്രമേ കാണാൻ സാധിക്കു. ഇത് സർക്കാർ നയ രൂപീകരണത്തിലുള്ള പിശകാണെന്ന് ധരിക്കുന്നത് ശരിയല്ല. ഭാരതത്തിലേക്ക് റബർ ഇറക്കുമതി നിയന്ത്രിക്കുന്നതിന് സർക്കാർ ഒരു കിലോ റബറിന് 30 രൂപയോ 25 ശതമാനമോ തീരുവ ഇപ്പോൾ തന്നെ ഈടാക്കുന്നുണ്ട്.
റബർ ഒരു കിലോയ്ക്ക് അടിസ്ഥാന വിലയായി 170 നിശ്ചയിച്ചതുവഴി കർഷകന് ഈ വിലയിൽ താഴ്ന്നാൽ നഷ്ടമാകുന്ന രുപ സബ്‌സിഡിയായി അക്കൗണ്ടിൽ നൽകുന്ന ആർ പി ഐ എസ് പദ്ധതി കൃത്യമായിട്ട് നടപ്പിലാക്കുന്നുണ്ട്. ഇത് റബർ പാൽ വിൽക്കുന്ന കർഷകന് 162 രൂപയിൽ താഴ്ന്നാൽ മാത്രമേ ലഭിക്കു. കാരണം ഷീറ്റ് നിർമ്മിക്കുന്നതിന് ചെലവാകുന്ന തുക എട്ട് രൂപയായി കണക്കാക്കി കുറയുന്നതു കൊണ്ടാണ്. എന്നാൽ കേരള സർക്കാർ പ്രഖ്യാപിച്ച 200 രൂപ താങ്ങുവില കർഷകന് ലഭിച്ച് തുടങ്ങിയാൽ വലിയ ഒരു പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കും.
ഭാരതത്തിൽ ഒരു വർഷത്തെ റബറിന്റെ അവശ്യകത ഏതാണ്ട് 12 ലക്ഷം ടൺ ആണ് എന്നാൽ നാം ഉൽപാദിക്കുന്നത് എട്ട് ലക്ഷത്തോളം ടൺ മാത്രമാണ്. നാല് ലക്ഷം ടണ്ണിന്റെ കുറവ് എല്ലാ വർഷവും നമുക്ക് അനുഭവപ്പെടുന്നു. ഈ കുറവ് നികത്തുന്നതിനാണ് നാം ഇറക്കുമതിയെ ആശ്രയിക്കുന്നത്. ഈ കുറവ് നികത്തിയാൽ മാത്രമേ നമുക്ക് സ്വയം പര്യാപ്തത നേടാനും കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പിക്കാനും സാധിക്കുകയുള്ളു. ഇറക്കുമതിയ്ക്ക് വേണ്ടി ഭാരത സർക്കാർ ചില വഴിക്കുന്ന ആയിരക്കണക്കിന് കോടികൾ സ്വയം പര്യാപ്തതയിലൂടെ റബർ കൃഷിയുടെ ഉന്നമനത്തിനും അതുവഴി കർഷകർക്കും ഉപകാരപ്രദമായി വിനിയോഗിക്കാം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഭാരതത്തിൽ റബർ കൃഷിക്ക് സാദ്ധ്യമായ സ്ഥലങ്ങൾ കണ്ടെത്തി നല്ലയിനം റബർ തൈകൾ വച്ചുപിടിപ്പിക്കുകയും അതു വഴി അടുത്ത പത്ത് വർഷം കൊണ്ട് കുറവ് നികത്തുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റ് പല സംസ്ഥാനങ്ങളിലും റബ്ബർ കൃഷി വിപുലീകരണം നടക്കുന്നു. ഈ നീക്കമാണ് ചിലരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. ഇവിടെ പ്രശ്നങ്ങൾ നിലനിൽക്കണം എന്ന് ചില ആളുകൾ ആഗ്രഹിക്കുന്നു.
ബോർഡിന്റെ ആസ്ഥാനം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ട് പോകുന്നു എന്നാണ് അവർ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എന്നാൽ ബോർഡ് അംഗം എന്ന നിലയിൽ ബോർഡിന്റെ ആസ്ഥാനം 80 ശതമാനം നിലവിൽ കൃഷിയുള്ള കേരളത്തിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ബോർഡോ കേന്ദ്രസർക്കാരോ ചിന്തിച്ചിട്ടുപോലും ഇല്ല. ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ മാത്രം ആണ്. ഇപ്പോഴത്തെ വിലയിടിവ് മൂലം റബർ എടുക്കാൻ കച്ചവടക്കാർ വിമുഖത കാട്ടുന്നു എന്നത് ഒരു പരിധിവരെ ശരിയാണ്. എങ്കിലും ബോർഡ് കമ്പനികൾ, റബർ ഉൽപാദക സംഘടനകൾ തുടങ്ങിയ കാർഷിക പ്രസ്ഥാനങ്ങൾ വഴി റബർ പാൽ, ഷീറ്റ്, സ്ക്രാപ് തുടങ്ങിയവ വിൽക്കുന്നതിന് തടസമില്ല. അതുകൊണ്ട് തന്നെ വില കുറവിന്റെ ഈ കാലഘട്ടത്തിൽ റബർ കർഷകർ ഒന്നിച്ച് നിൽക്കുകയും കക്ഷി രാഷ്ട്രീയ ഭേദമന്യേ റബർ ഉൽപാദക സംഘങ്ങളുടെയും റബർ ബോർഡ് കമ്പനികളുടെയും സഹായത്തോടെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് വേണ്ട കൂട്ടായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. നാം എല്ലാവരും ഒറ്റ കെട്ടായി പ്രവർത്തിച്ചാൽ ഇത് സാദ്ധ്യമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.