
ടാറ്റൂ കാരണം ജീവിതം വഴിമുട്ടി യുവതി. എന്നിരുന്നാലും ശരീരത്തിലെ മുഴുവൻ ഭാഗവും ടാറ്റൂ ചെയ്യുന്നതുവരെ പിന്തിരിയില്ലെന്നാണ് നാൽപ്പത്തിയഞ്ചുകാരിയായ മെലിസ സ്ളോൺ പറയുന്നത്. ഇംഗ്ളണ്ടിലെ വേൽസ് സ്വദേശിയാണ് ഏഴുമക്കളുടെ അമ്മയായ മെലിസ.
20 വർഷം മുൻപാണ് മെലിസ ആദ്യമായി ടാറ്റൂ ചെയ്തത്. പിന്നീട് അതിന് അടിമയായി മാറുകയായിരുന്നു. ഇപ്പോൾ ശരീരം മുഴുവനും പലതരത്തിലെ ടാറ്റൂകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൂക്കളും, ചിഹ്നങ്ങളും എഴുത്തുകളും മറ്റും പല നിറങ്ങളിൽ നൽകിയാണ് മെലിസ തന്റെ ശരീരം അലങ്കരിച്ചിരിക്കുന്നത്. ടാറ്റൂ ആർട്ടിസ്റ്റായ കാമുകനാണ് ടാറ്റൂ ചെയ്തുതരുന്നതെന്ന് മെലിസ പറയുന്നു. ഇതിനോടുള്ള ആസക്തി കാരണം ആഴ്ചയിൽ രണ്ടുതവണയെങ്കിലും ശരീരത്തിൽ പച്ചക്കുത്തുമെന്നും മെലിസ വെളിപ്പെടുത്തി.
ആളുകൾ തന്നെ അവജ്ഞയോടെ നോക്കാറുണ്ടെന്നും അധിക്ഷേപകരമായ പല വാക്കുകളും തന്റെമേൽ ഉപയോഗിക്കാറുണ്ടെന്നും മെലിസ പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്നതാണെന്ന് കളിയാക്കും. ശരീരത്തിലെ ടാറ്റൂ കാരണം പലരും ജോലി നൽകാൻ മടിക്കുന്നു. താമസിക്കുന്ന സ്ഥലത്ത് ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ആ ജോലി പോലും നൽകാൻ തയ്യാറായില്ല. തനിക്ക് ജോലി ചെയ്യാൻ ഇഷ്ടമാണെന്നും മെലിസ പറയുന്നു.
താൻ എങ്ങനെയാണോ അതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും മെലിസ വ്യക്തമാക്കി. ഒരൊറ്റ ജീവിതം മാത്രമാണ് നമുക്കുള്ളത്. അത് നമ്മുടെ ഇഷ്ടത്തിനൊത്ത് ജീവിക്കണം. ടാറ്റൂ ചെയ്യുന്നതിൽ തന്റെ അമ്മയുടെ പൂർണ പിന്തുണയുണ്ട്. തന്റെ അവസാന ശ്വാസം വരെയും ടാറ്റൂ ചെയ്യുമെന്നും മെലിസ പറഞ്ഞു.