hair

കരുത്തുള്ള മനോഹരമായ തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ താരനും അത് കാരണമുണ്ടാകുന്ന മുടി കൊഴിച്ചിലും മുടിയുടെ സ്വാഭാവിക വളർച്ച കുറയുന്നു. എന്നാൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി വളർച്ച ഇരട്ടിയാക്കാൻ തലയോട്ടിയിൽ സ്ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ശിരോചർമ്മം വൃത്തിയും ആരോഗ്യവുമുള്ളതായി മാറുന്നു. സ്ക്രബ് ചെയ്യുമ്പോൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിക്കുകയും മുടി വളർച്ച കൂടാൻ സഹായിക്കുകയും ചെയ്യുന്നു. തലയോട്ടിയിൽ അടിഞ്ഞുകൂടിയ എണ്ണയും താരനും മാറ്റാനായി കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ ഇനി പുറത്തുനിന്ന് വാങ്ങേണ്ട. വൃത്തിയും ആരോഗ്യവുമുള്ള മുടി വീട്ടിലിരുന്ന് സ്വന്തമാക്കാൻ ഈ സ്ക്രബുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

ഓട്‌സ്, പഞ്ചസാര

രണ്ട് ടേബിൾ സ്പൂൺ നന്നായി പൊടിച്ച ഓട്‌സ്, പഞ്ചസാര, ഹെയർ കണ്ടീഷണർ എന്നിവ നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. അഞ്ച് മിനിട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക. രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ച വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.

നാരങ്ങാ നീര്, ഒലിവ് ഓയിൽ

രണ്ട് ടീ സ്പൂൺ ഒലിവ് ഓയിൽ, നാരങ്ങാ നീര്, സീ സാൾട്ട് എന്നിവ നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം. വരണ്ട ശിരോചർമ്മമുള്ളവർക്ക് ഇത് വളരെ പ്രയോജനം ചെയ്യുന്നതാണ്.

തേൻ, വെളിച്ചെണ്ണ

അണുബാധയിൽനിന്ന് ശിരോചർമ്മത്തെ സംരക്ഷിക്കുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും ഈ സ്ക്രബ് സഹായിക്കുന്നു. നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, മുക്കാൽകപ്പ് പഞ്ചസാര, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, 5–10 തുള്ളി പെപ്പർമിന്റ് ഓയിൽ എന്നിവ യോജിപ്പിച്ചു തലയിൽ പുരട്ടുക. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം.