kt-jaleel

ന്യൂഡൽഹി: മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീലിന്റെ വിവാദ കാശ്മീർ പരാമർശത്തിൽ കോടതിയെ നിലപാടറിയിച്ച് ഡൽഹി പൊലീസ്. കോടതി ഉത്തരവിട്ടാൽ മാത്രമേ ജലീലിനെതിരെ കേസെടുക്കുകയുള്ളൂവെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ റോസ് അവന്യു കോടതി തിങ്കളാഴ്ച വാദം കേൾക്കും.


തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം ജലീലിനെതിരെ നേരത്തെ കീഴ്‌വായ്പുർ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടയിൽ എന്തിനാണ് ഡൽഹിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും ഡൽഹി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചോദിച്ചു.

കാശ്‌മീർ സന്ദർശനത്തിനിടെയുള്ള ചിത്രങ്ങൾ ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പാണ് വിവാദമായത്. പാക് അധിനിവേശ കാശ്‌മീരിനെ 'ആസാദ് കാശ്‌മീർ' എന്നും ഇന്ത്യയുടെ കാശ്‌മീരിനെ 'ഇന്ത്യൻ അധീന കാശ്‌മീർ' എന്നുമായിരുന്നു ജലീൽ വിശേഷിപ്പിച്ചത്. വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്‌തിരുന്നു.