photo

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്റർ കാൽനടയായി താണ്ടുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് കോൺഗ്രസ്സിനെ രക്ഷിക്കാനാകുമോ? മുതിർന്ന നേതാക്കൾ ഒന്നൊന്നായി പാർട്ടി വിട്ടൊഴിയുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അപ്രസക്തമായി മാറുന്ന കോൺഗ്രസ് പാർട്ടിയെ 2024 ൽ നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ നടത്തുന്ന പദയാത്ര പാർട്ടിയെ രക്ഷിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പാർട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞശേഷം താനിനി ഒരു പദവിയും സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാഹുലിനോടുള്ള എതിർപ്പ് പ്രകടമാക്കി മുതിർന്ന നേതാവ് ഗുലാംനബി ആസാദാണ് ഒടുവിൽ പാർട്ടിവിട്ടത്. ഇനിയും പലരും കൊഴിഞ്ഞു പോയേക്കുമെന്ന ഭീഷണിയുമുണ്ട്. നിലപാടുകളിലും പ്രവൃത്തികളിലും പക്വതയില്ലെന്ന് ഇതിനകം പലതവണ തെളിയിച്ചു കഴിഞ്ഞ നേതാവാണ് രാഹുൽ.

ദിവസം 25 കിലോമീറ്റർ

കേരളത്തിൽ 18 ദിവസം

സെപ്തംബർ ഏഴിന് തുടങ്ങി 2023 ജനുവരി 30 ന് സമാപിക്കുന്ന പദയാത്ര 15 ഓളം സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരുദിവസം 25 കിലോമീറ്റർ ദൂരം താണ്ടും. രാവിലെ ഏഴ് മണിമുതൽ 10.30 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമാണ് രാഹുലും സംഘവും പദയാത്രയായി നീങ്ങുക. രാഹുലിനൊപ്പം യാത്രയിലുടനീളം സഞ്ചരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 300 പേരാണ് സ്ഥിരാംഗങ്ങൾ. ഇവർക്കുള്ള താമസം, ഭക്ഷണം, മറ്റുകാര്യങ്ങൾ തുടങ്ങിവയൊക്കെ പദയാത്രയ്ക്കൊപ്പം സഞ്ചരിക്കുന്ന ശീതീകരിച്ച കാരവനുകളിലാണ്. രാഹുലിന്റെ താമസവും വിശ്രമവുമെല്ലാം കാരവനിൽ തന്നെയാകും. പദയാത്രയുടെ ഏറ്റവും മുന്നിൽ ദേശീയപതാക വാഹകനാണ്. അതിനുപിന്നിൽ സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ കോൺഗ്രസ് പതാകയേന്തി പദയാത്രാ ക്യാപ്‌ടൻ രാഹുൽ സഞ്ചരിക്കും. അതിനു പിന്നിൽ അതതു സംസ്ഥാനത്തെ പി.സി.സി പ്രസിഡന്റ്, എം.പി മാർ, എം.എൽ.എ മാർ, പ്രമുഖ നേതാക്കൾ, ജാഥ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 100 പേർ എന്നിവർ. പദയാത്ര കടന്നുപോകാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 100 പേരാണ് അതിനുപിന്നിൽ. പിന്നാലെ മറ്റുനേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ അണിനിരക്കും. കേരളത്തിലാണ് ഏറ്റവുമധികം ദിവസം പദയാത്ര സഞ്ചരിക്കുന്നത്. സെപ്തംബർ 11 ന് സംസ്ഥാനാതിർത്തിയായ കളിയിക്കാവിളയിൽ പ്രവേശിക്കും. 29 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സമാപിക്കും.

കോൺഗ്രസ്

പച്ചപിടിക്കുമോ ?

ഇന്ന് ഇന്ത്യയിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. തമിഴ്നാട് അടക്കം ഏതാനും സംസ്ഥാനങ്ങളിൽ ഭരണപങ്കാളിത്തം ഉണ്ടെന്നതൊഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നില അത്യധികം പരുങ്ങലിലാണ്. നിയമസഭാ തിരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം അവസാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോൺഗ്രസിന് ഉണർവേകി 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് പാർട്ടിക്കുള്ളത്. അതിന് രാഹുലിന്റെ പദയാത്രയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യാനാകുമോ എന്നാണറിയേണ്ടത്. ഈയിടെ കോൺഗ്രസ് വിട്ട ഗുലാംനബി ആസാദ് വ്യക്തമാക്കിയത് രാഹുലിന് നേതൃശേഷിയോ സംഘടനാപാടവമോ ഇല്ലെന്നാണ്. പാർട്ടിയിലെ ചില ഉപജാപകവൃന്ദത്തിന്റെ പിടിയിലായ രാഹുൽ അവരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. മുതിർന്ന നേതാക്കളുടെ വാക്കുകൾക്ക് കാതുകൂർപ്പിക്കാറില്ലെന്ന് മാത്രമല്ല, അവരെ അവഗണിക്കുകയുമാണ്. ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനം തന്നെ അതാണ് വ്യക്തമാക്കുന്നത്. ഇത്രയും ദൂരം പദയാത്രയായി സഞ്ചരിക്കുകയെന്നത് ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം പ്രായോഗികമെന്നത് സംബന്ധിച്ച് കോൺഗ്രസിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടത്രേ. 1984 ൽ മുൻ പ്രധാനമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന ചന്ദ്രശേഖറാണ് അവസാനമായി ദീർഘദൂരം താണ്ടുന്ന പദയാത്ര നടത്തിയത്. അദ്ദേഹം കന്യാകുമാരി മുതൽ ന്യൂഡൽഹി വരെയായിരുന്നു കാൽനടയായി സഞ്ചരിച്ചതെങ്കിൽ രാഹുൽ ഗാന്ധി കാശ്മീർ വരെ നടന്നുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത ചില നേതാക്കളുടെ ചിന്തയിൽ ഉരുത്തിരിഞ്ഞതാണ് പദയാത്ര എന്ന ആശയം.

'ചൗക്കീദാർ ചോർ ഹെ'

മുദ്രാവാക്യം ആരും ഏറ്റെടുത്തില്ല

രാഹുലിന്റെ പദയാത്ര നടക്കുന്നതിനിടെ ഒക്ടോബർ 17 നാണ് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നായിരുന്നു രാഹുൽ അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്. അതിനുശേഷം പലതവണ പാർട്ടിയിൽ നിന്ന് സമ്മർദ്ദമുണ്ടായെങ്കിലും അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ തീരുമാനങ്ങളെല്ലാം എടുത്തത് രാഹുൽ തന്നെയാണെന്നാണ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തൽ. 2019 ലെ തോൽവിയുടെ പേരുപറഞ്ഞല്ല രാഹുൽ അദ്ധ്യക്ഷപദവി രാജിവച്ചതെന്ന നിർണ്ണായക വെളിപ്പെടുത്തലും ആസാദ് നടത്തിയിട്ടുണ്ട്. 2019 ലെ തോൽവിക്ക് ശേഷം നടന്ന എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റിയിൽ രാഹുൽ ഉയർത്തിക്കൊണ്ടുവന്ന 'ചൗക്കിദാർ ചോർഹെ' (പ്രധാനമന്ത്രി കള്ളനാണ്) എന്ന മുദ്രാവാക്യം കമ്മിറ്റിയിൽ പങ്കെടുത്ത ഒരാൾപോലും അംഗീകരിച്ചില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള ഉന്നത നേതാക്കൾ രാഹുലിന്റെ ഈ മുദ്രാവാക്യത്തെ രാഷ്ട്രീയ മര്യാദയില്ലാത്ത മുദ്രാവാക്യമെന്ന് വിശേഷിപ്പിച്ച് വിയോജിക്കുകയായിരുന്നു. താൻ മുന്നോട്ടുവച്ച ഒരു മുദ്രാവാക്യം ആരും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാഹുൽ അദ്ധ്യക്ഷ പദവി ഒഴിഞ്ഞതെന്നാണ് ആസാദ് പറയുന്നത്. ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ജി 23 യിലെ അവശേഷിക്കുന്ന നേതാക്കളിൽ ഒരാളായ ശശിതരൂർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യപ്പെട്ട് രംഗത്തുണ്ടെങ്കിലും പൊതു അംഗീകാരം ലഭിച്ചാലേ മത്സരിക്കൂ എന്ന നിലപാടിലാണ്. അതുണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. അതിനിടെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ലെന്ന സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാടും വിവാദമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അദ്ധ്യക്ഷനെ കണ്ടെത്താനാണ് ശ്രമമെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അദ്ധ്യക്ഷനാക്കാനാണ് ഗാന്ധികുടുംബത്തിന് ഏറെ താത്പര്യം. എന്നാൽ ഗെലോട്ട് മുന്നോട്ടുവച്ച രണ്ട് ഉപാധികളാണ് കീറാമുട്ടിയായി നിൽക്കുന്നത്. ഒന്ന് കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണം. മുഖ്യമന്ത്രി പദമൊഴിയേണ്ട സാഹചര്യം ഉണ്ടായാൽ പകരം താൻ നിർദ്ദേശിക്കുന്ന ആളിനെ മുഖ്യമന്ത്രിയാക്കണം എന്നതാണ് രണ്ടാമത്തെ ഉപാധി. രാജസ്ഥാനിലെ വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് ഗെലോട്ടിന്റെ ലക്ഷ്യം. കലുഷമായ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ നടത്തുന്ന പദയാത്ര കോൺഗ്രസിനെ രക്ഷിക്കുന്ന ഒറ്റമൂലിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.