
ലോകത്തെ ധനികൻമാരുടെ പട്ടികയിൽ വ്യവസായ പ്രമുഖൻമാരുടെ പേരുകൾ മാറി മാറി വരുമ്പോൾ ഇതിലൊന്നും വലിയ താത്പര്യമില്ലാത്ത ഒരു ധനികൻ ഏഷ്യയിലുണ്ട്. ഭൂമിയിൽ എല്ലാ അർത്ഥത്തിലും സ്വർഗം പണിഞ്ഞ് ജീവിക്കുന്ന ഹസ്സനൽ ബോൾകിയയാണത്. ബ്രൂണൈ എന്ന കൊച്ച് രാജ്യത്തിന്റെ ഭരണതലവനാണ് ഇദ്ദേഹം. ഭൂമിയിലെ ഏറ്റവും ധനികൻ എന്ന തലക്കെട്ട് എല്ലാ അർത്ഥത്തിലും യോജിക്കുന്നത് ഇദ്ദേഹത്തിനാണ്.
ആരാണ് ഹസ്സനൽ ബോൾകിയ
ലോകത്തെ പല രാജ്യങ്ങളിലും രാജവാഴ്ച അവസാനിച്ചെങ്കിലും ബ്രൂണെ എന്ന ഏഷ്യൻ രാജ്യം ഇപ്പോഴും പഴയ രീതികൾ പിന്തുടരുകയാണ്. ഇവിടത്തെ ഇപ്പോഴത്തെ സുൽത്താനാണ് ഹസ്സനൽ ബോൾകിയ. എഴുപത്തിയഞ്ചുകാരനായ ബ്രൂണെയിലെ സുൽത്താൻ 1946 ജൂലായ് 15നാണ് ജനിച്ചത്. സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെ മകനായി ജനിച്ച ഇദ്ദേഹം യുവാവായപ്പോഴേ അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടു. ആറ് പെൺമക്കളും നാല് ആൺമക്കളും അടക്കം സുൽത്താൻ ഒമർ അലി സൈഫുദ്ദീന് പത്തു മക്കളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിൻഗാമിയായി ഹസ്സനൽ ബോൾകിയയെയാണ് വളരെ നേരത്തേ സുൽത്താൻ തിരഞ്ഞെടുത്തത്. മലേഷ്യയിലെ ക്വാലാലംപൂരിലെ വിക്ടോറിയ ഇൻസ്റ്റിറ്റിയൂഷനിലും ഇംഗ്ലണ്ടിലെ സാൻഡ്ഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാഡമിയിലുമാണ്
ഹസ്സനൽ ബോൾകിയ ഉന്നത വിദ്യാഭ്യാസം നേടിയത്. 1967 ഒക്ടോബർ 4 ന് പിതാവിന്റെ നിര്യാണത്തിന് ശേഷമാണ് ഹസ്സനൽ ബോൾകിയ സുൽത്താന്റെ കിരീടമണിഞ്ഞത്. ഹസ്സനൽ ബോൾകിയയ്ക്ക് മൂന്ന് ഭാര്യമാരും അഞ്ച് ആണും ഏഴ് പെൺമക്കളുമടക്കം പന്ത്രണ്ട് മക്കളുമാണുള്ളത്.

സമ്പത്ത്
ലോകത്തിലെ ഏറ്റവും ധനികരായ സുൽത്താന്മാരിൽ ഒരാളായി ഹസ്സനൽ ബോൾകിയയെ കണക്കാക്കുന്നു. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹസനാൽ ബോൾകിയയുടെ ആസ്തി 14,700 കോടിയിലധികം രൂപയാണ്.
1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു ഹസ്സനൽ ബോൾകിയ. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച്, ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയ ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജകുടുംബത്തിൽ ഒരാളാണ്, ഏകദേശം 30 ബില്യൺ ഡോളർ ആസ്തിയുണ്ട്. രാജ്യത്തെ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ് സുൽത്താനെ സമ്പന്നതയുടെ കൊടുമുടിയിൽ നിർത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ബ്രൂണെ.

ആഡംബരം
വാഹനങ്ങളാണ് ബ്രൂണെ സുൽത്താന്റെ ആഡംബരത്തിന്റെ അടയാളം കുറിക്കുന്നത്. 7,000 കാറുകൾ അടങ്ങുന്ന വാഹനശേഖരത്തിൽ 500 റോൾസ് റോയ്സും 300 ഫെരാരി കാറുകളുമാണെന്നുള്ളത് അറിയുമ്പോൾ മനസിലാക്കണം ഹസനാൽ ബോൾകിയയുടെ റേയ്ഞ്ച്. ബ്രൂണെയുടെ സുൽത്താന് ആഡംബര സൗകര്യങ്ങളുള്ള നിരവധി സ്വകാര്യ ജെറ്റുകൾ ഉണ്ട്. ഹസ്സനൽ ബോൾകിയയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഞെട്ടും. കൊട്ടാരത്തിന് 2550 കോടി രൂപയിലധികം വിലയുണ്ട്. കൊട്ടാരത്തിൽ 1700ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളും ഉണ്ട്.
രാജ്യത്തിന്റെ സുൽത്താൻ പദവിയിലുള്ള ഹസ്സനൽ ബോൾകിയ എല്ലാ അധികാരങ്ങളും ഒറ്റയ്ക്ക് കൈയ്യാളുകയാണ്.
ബ്രൂണെയുടെ രാജാവും ഇസ്ലാമിക വിശ്വാസത്തിന്റെ പരമോന്നത നേതാവും മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി, ധനമന്ത്രി, വിദേശകാര്യ, വാണിജ്യ മന്ത്രി, പോലീസ് സൂപ്രണ്ട്, പ്രതിരോധ മന്ത്രി, സായുധ സേനാ കമാൻഡറും കൂടിയാണ്.