മലയാളികൾ ആവേശത്തോടെ കാത്തിരുന്ന ഓണമിങ്ങെത്തി. കൊവിഡിൽ മുങ്ങി നഷ്ടമായ രണ്ട് വർഷത്തിന് ശേഷം ഇത്തവണത്തെ ഓണം അടിച്ചുപൊളിക്കാൻ തന്നെയുള്ള തീരുമാനത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഓണാഘോഷത്തിൽ ഒഴിവാക്കാനാവാത്തവയാണ് ഓണവിഭവങ്ങൾ. അതിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ വിളമ്പുന്നത്.
ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പായസം. ഇതിൽ തന്നെ നിരവധി വെറൈറ്റികളും മലയാളികൾ പരീക്ഷിക്കാറുണ്ട്. അത്തരമൊരു വെറൈറ്റി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ടെലിവിഷൻ താരസഹോദരിമാരായ രേഷ്മ- ഗ്രീഷ്മ എന്നിവർ തയ്യാറാക്കുന്ന മത്തങ്ങ പ്രഥമനാണ് ഇത്തവണത്തെ സ്പെഷ്യൽ വിഭവം.

ശർക്കര പാനി, വേവിച്ച മത്തങ്ങ, തേങ്ങ ചിരകി പിഴിഞ്ഞെടുത്ത ഒന്നാം പാൽ, രണ്ടാം പാൽ, നെയ്യ്, പശുവിൻ പാൽ, വേവിച്ച ചൗവരി, ഏലയ്ക്ക പൊടിച്ചത്, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ഉപ്പ് എന്നിവയാണ് മത്തങ്ങ പ്രഥമൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
ആദ്യം അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കണം. ശേഷം മത്തങ്ങ നെയ്യിൽ ചേർത്ത് ഉടച്ചെടുക്കണം. മത്തങ്ങയിലെ വെള്ളം വറ്റിക്കഴിയുമ്പോൾ കുറച്ചുകൂടി നെയ്യ് ചേർത്ത് ഇളക്കണം. ശേഷം ശർക്കര പാനി കുറേശ്ശെ ചേർത്തുകൊടുത്ത് നന്നായി യോജിപ്പിക്കണം. തുടർന്ന് തേങ്ങ രണ്ടാം പാൽ ചേർത്തിളക്കണം. ഇനി ചൗവരി പശുവിൻ പാലിൽ ചേർത്ത് യോജിപ്പിച്ച് നേരത്തെ തയ്യാറാക്കിയ വച്ചിരിക്കുന്ന കൂട്ടിലേയ്ക്ക് ചേർക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർത്തതിനുശേഷം ഒന്നാം പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രണ്ട് മിനിട്ട് കഴിഞ്ഞ് തീ അണയ്ക്കാം. ഇതിൽ ഏലയ്ക്ക പൊടിച്ചതും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് കഴിഞ്ഞാൽ മത്തങ്ങ പ്രഥമൻ തയ്യാറായി.