
 പ്രമുഖ രാജ്യങ്ങളെല്ലാം വീണ്ടുമൊരു മാന്ദ്യത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോഴും ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടംനിലനിറുത്തി മുന്നേറുകയാണ് ഇന്ത്യ
കൊച്ചി: കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും നിയന്ത്രണാതീതമായ വിലക്കയറ്റവും മൂലം അമേരിക്കയും യൂറോപ്പും ചൈനയുമടക്കം വലയുമ്പോഴും ഇതൊന്നും കൂസാതെ മുന്നേറുകയാണ് ഇന്ത്യ. അമേരിക്കയും ബ്രിട്ടനും കഴിഞ്ഞമാസങ്ങളിൽ മല്ലിട്ടത് 40 വർഷത്തെ ഉയരത്തിലുള്ള നാണയപ്പെരുപ്പത്തോടാണ്. ഏപ്രിൽ-ജൂണിൽ ഇരുരാജ്യങ്ങളുടെയും ജി.ഡി.പി വളർച്ച നെഗറ്റീവിലേക്കും വീണു. സമ്പദ്‌രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈന ഇപ്പോഴും കൊവിഡിനോട് പോരാടിവിയർക്കുന്നു. ചൈനയിലും നാണയപ്പെരുപ്പം രൂക്ഷം. സമ്പദ്‌വളർച്ച 0.4 ശതമാനം മാത്രം.
എന്നാൽ, ഏഴ് ശതമാനത്തിന് അടുത്തായിരുന്ന നാണയപ്പെരുപ്പം ആറിനടുത്തേക്ക് നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞപാദത്തിൽ ജി.ഡി.പി വളർച്ച 13.5 ശതമാനം രേഖപ്പെടുത്തിയതോടെ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ബ്രിട്ടനെ പിന്തള്ളി പിടിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ. സമ്പദ്‌രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം വരുംവർഷങ്ങളിലും തുടരുമെന്നാണ് പ്രവചനങ്ങൾ. 2029ഓടെ ഇന്ത്യ ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയാകുമെന്ന് എസ്.ബി.ഐയും പറയുന്നു.
ജി.ഡി.പിയിലെ മുന്നേറ്റം
(പ്രമുഖ രാജ്യങ്ങളുടെ ഏപ്രിൽ-ജൂൺപാദ വളർച്ചാനിരക്ക്)
 ചൈന : 0.4%
 അമേരിക്ക : -0.9%
 ബ്രിട്ടൻ : -0.2%
 ഇന്ത്യ : 13.5%
സമ്പദ്ശക്തികൾ
(ഏറ്റവും വലിയ സമ്പദ്ശക്തികളും ജി.ഡി.പി മൂല്യവും)
1. അമേരിക്ക - $25.35
2. ചൈന - $19.91
3. ജപ്പാൻ - $4.91
4. ജർമ്മനി - $4.26
5. ഇന്ത്യ - $3.53
6. ബ്രിട്ടൻ - $3.37
11
ഒരുദശാബ്ദം മുമ്പ് ഇന്ത്യ 11-ാമതായിരുന്നു; ബ്രിട്ടൻ അഞ്ചാമതും. ഇപ്പോൾ ഇന്ത്യ അഞ്ചാമതും ബ്രിട്ടൻ ആറാമതും.
7%
ബ്രിട്ടനടക്കം യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയാകെയും അമേരിക്കയും ചൈനയും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. ഈ സ്ഥിതി 2024 അവസാനം വരെ നിലനിൽക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം, ഇന്ത്യ ഈവർഷം ഏഴ് ശതമാനത്തിൽ കുറയാത്ത വളർച്ചനേടി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.