idbi-bank

ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിലെ ഭൂരിപക്ഷം ഓഹരികളും വിറ്റൊഴിയാൻ കേന്ദ്രസർക്കാരും എൽ.ഐ.സിയും ഒരുങ്ങുന്നു. ഓഹരികൾ വിൽക്കുമെന്ന് 2021ലെ ബഡ്‌ജറ്റിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണ് ബാങ്കിലുള്ളത്.

കേന്ദ്രവും എൽ.ഐ.സിയും സംയുക്തമായി 60 ശതമാനം വരെ ഓഹരികളാകും വിൽക്കുക. ഓഹരികൾ വിറ്റൊഴിയുമ്പോൾ ഡയറക്‌ടർ ബോർഡിൽ വോട്ടിംഗ് അവകാശത്തിനുള്ള 26 ശതമാനം ഓഹരികൾ കൈവശംവച്ചശേഷം ബാക്കിവേണം പ്രമോട്ടർമാർ വിറ്റൊഴിയേണ്ടതെന്നാണ് നിലവിലെ ചട്ടം. 40 ശതമാനം വരെ ഓഹരികൾ കൈവശംവയ്ക്കാനായി കേന്ദ്രത്തിനും എൽ.ഐ.സിക്കും റിസർവ് ബാങ്ക് ഇളവ് അനുവദിച്ചേക്കും.

ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താനുമായി പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഐ.ഡി.ബി.ഐ ബാങ്കോഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്. ഓഹരി വില്പനയ്ക്കുള്ള താത്പര്യപത്രം കഴിഞ്ഞ മേയിൽ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതികൂല സാഹചര്യം മൂലം നീട്ടിവയ്ക്കുകയായിരുന്നു.

കേന്ദ്രവും എൽ.ഐ.സിയും മുഖ്യ ഓഹരി ഉടമകളാണെങ്കിലും സ്വകാര്യബാങ്കായാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ പ്രവർത്തനം. സമ്പദ്‌പ്രതിസന്ധിയിലായിരുന്ന ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും നിയന്ത്രണാവകാശവും 2019 ജനുവരിയിലാണ് എൽ.ഐ.സി ഏറ്റെടുത്തത്.

കോർപ്പറേറ്റുകളെ അനുവദിക്കില്ല!

ആഗോള നിക്ഷേപകസ്ഥാപനങ്ങളായ കാർലൈൽ ഗ്രൂപ്പ്,​ ടി.പി.ജി കാപ്പിറ്റൽ,​ ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടശ്വരൻ പ്രേം വത്സയുടെ ഫെയർഫാക്‌സ് തുടങ്ങിയവയുമായി ഐ.ഡി.ബി.ഐ ബാങ്കോഹരികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രം ചർച്ചകൾ നടത്തിയെന്ന് അറിയുന്നു. തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിലെ ഭൂരിപക്ഷം ഓഹരികൾ സ്വന്തമാക്കിയ സ്ഥാപനമാണ് ഫെയർഫാക്‌സ്. ഓഹരിവില്പനയിൽ പങ്കെടുക്കുന്നതിൽ നിന്ന് കോർപ്പറേറ്റുകളെ വിലക്കിയേക്കും.

താത്പര്യപത്രം ഉടൻ

ഐ.ഡി.ബി.ഐ ബാങ്കോഹരികൾ വിൽക്കാൻ കേന്ദ്ര കാബിനറ്റിന്റെ സാമ്പത്തികകാര്യ സമിതി കഴിഞ്ഞവർഷം മേയിൽ അനുമതി നൽകിയിരുന്നു. ഈമാസം അവസാനമോ അടുത്തമാസമോ കേന്ദ്രം താത്പര്യപത്രം ക്ഷണിച്ചേക്കും.

₹65,​000 കോടി

നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ഉന്നമിടുന്ന സമാഹരണം 65,​000 കോടി രൂപയാണ്. ഇതിനകം സമാഹരിച്ചത് 24,​544 കോടി രൂപ.