china-

ബീജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കാങ്‌ഡിംഗ് നഗരത്തിന്റെ തെക്ക് കിഴക്കൻ മേഖലയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. റിക്ടർ സ്കെയിലിൽ 6.8 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഷാൻഷീ, ഗ്വിഷൂ പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ഡസൻ കണക്കിന് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലന മേഖലയിൽ 200ഓളം പേർ കുടുങ്ങിയിട്ടുണ്ട്. കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. 50,000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. 243 വീടുകൾ തകർന്നു. 13,010 വീടുകൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുത, ഫോൺ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. അതേസമയം, ചൈനയുമായി സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും സഹായം വാഗ്ദാനം ചെയ്ത തായ്‌വാൻ ഭൂചലന ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകരെ അയയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി. ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.