
ബംഗളൂരു: പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും നടുവിലാണ് ബംഗളൂരു. കിഴക്കിന്റെ 'സിലിക്കൺ വാലി' എന്നറിയപ്പെടുന്ന സ്ഥലം നിലവിൽ പലയിടത്തും ചെളിമൂടി അടഞ്ഞുകിടക്കുന്ന റോഡുകളാണ്. ഐടി ജീവനക്കാരടക്കം ട്രാക്ടറുകളിലാണ് ഓഫീസിലെത്തുന്നത്. ഇവരിൽ പലരുടെയും ആഡംബര കാറുകളടക്കം വെള്ളത്തിൽ നശിച്ചുപോയതാണ് കാരണം.
അൺഅക്കാഡമി സിഇഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും ട്രാക്ടറിൽ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ബംഗളൂരു പോലൊരു മെട്രോപൊളിറ്റൻ നഗരത്തിൽ തീർത്തും അനാവശ്യമായ കാഴ്ചയായിരുന്ന ട്രാക്ടറുകൾ ഇന്ന് ഇവിടെ ഏറ്റവും പ്രയോജനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു' മുഞ്ജൽ കുറിച്ചു. പ്രധാന നഗരപ്രദേശങ്ങളെയെല്ലാം മഴവെള്ളം മുക്കിയപ്പോൾ കോടികൾ വിലമതിക്കുന്ന കാറുകളും ലക്ഷ്വറി വീടുകളുടെ താഴ്ഭാഗങ്ങളുമെല്ലാം മുക്കാൽഭാഗവും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങളാണ് ബംഗളൂരുവിൽ നിന്ന് പുറത്ത് വരുന്നത്.
ബി.എം.ഡബ്ലു, ലക്‌സസ്, ബെന്റ്‌ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്.ചില ലക്ഷ്വറി വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയതിന്റേയും ദൃശ്യം കാണം. ദൃശ്യത്തിൽ കാണുന്ന മുങ്ങിയ കാറുകളെല്ലാം 65 ലക്ഷം മുതൽ രണ്ടര കോടിവരെ വിലയുള്ളതാണ്.