bommai

ബംഗളൂരു: കേരളത്തിലും കർണാടകത്തിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ പെയ്യുകയാണ്. കേരളത്തിലെത് പോലെ വെള‌ളപ്പൊക്ക ഭീതിയിലാണ് കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവും. ഐ.ടി നഗരത്തിന് അപ്രതീക്ഷിത വെള‌ളപ്പൊക്കം സാമ്പത്തികമായും വലിയ തിരിച്ചടി നൽകിയതായി വാർത്തവന്നിരുന്നു. ഇപ്പോഴിതാ വെള‌ളപ്പൊക്കത്തിന് കാരണമായി മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രണമില്ലാത്ത ദുർഭരണവും കനത്ത മഴയുമാണ് നഗര പ്രദേശങ്ങളെ മുക്കിയ വെള‌ളപ്പൊക്കത്തിന് കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'കർണാടകയിൽ പ്രത്യേകിച്ച് ബംഗളൂരുവിൽ ഇത്തരത്തിൽ കനത്ത മഴ മുൻപ് ലഭിച്ചിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞൊഴുകുന്നു. കഴിഞ്ഞ 90 വ‌ർഷമായി രേഖപ്പെടുത്താത്ത കനത്ത മഴയാണ് പെയ്‌തത്. മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണത്തിന്റെ പരിണിത ഫലമാണിത്. തടാകങ്ങൾ സംരക്ഷിക്കാൻ അവർ‌ ചിന്തിച്ചിട്ടേയില്ല.' ബസവരാജ് ബൊമ്മൈ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഴവെള‌ളം ഒഴുകിപ്പോകുന്നതിനുള‌ള ചാലുകളുടെ പ്രശ്‌നമകറ്റാനും അടിസ്ഥാന പ്രശ്‌ന പരിഹാരത്തിനും സർക്കാർ 1500 കോടി അനുവദിച്ചെന്നും ഈ ഭാഗങ്ങളെ വെള‌ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ 300 കോടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കനത്ത നാശനഷ്‌ടമാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ബംഗളൂരു നഗരത്തിലുണ്ടായത്.