
തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം പൂർത്തിയായി. കോർപറേഷനിലെ 25,268 ജീവനക്കാർക്ക് ജൂലായ് മാസത്തിൽ നൽകാനുണ്ടായിരുന്ന 25 ശതമാനം ശമ്പളകുടിശികയും ഒപ്പം ഓഗസ്‌റ്റ് മാസത്തിലെ പൂർണശമ്പളവുമാണ് വിതരണം ചെയ്‌തത്.
കഴിഞ്ഞ ദിവസം കെഎസ്‌ആർടിസിയിലെ യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓണത്തിന് മുൻപ് ശമ്പളകുടിശിക തീർക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. തുടർന്നാണ് ഒന്നാം ഓണത്തിന് മുൻപ് ഇന്ന് ശമ്പളം വിതരണം ചെയ്‌തത്. സിംഗിൾ ഡ്യൂട്ടി നടപ്പാക്കും എന്ന ഉപാധിയോടെയാണ് ശമ്പളവിതരണത്തിന് പണം സർക്കാർ നൽകിയത്. ഇതിനായി 100 കോടി രൂപ സർക്കാർ അനുവദിച്ചു. ഇന്നുതന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്ന നടപടിയെടുക്കാൻ ധനവകുപ്പിന് സർക്കാർ നിർദ്ദേശവും ലഭിച്ചിരുന്നു.
സർക്കാർ നൽകുന്ന പണത്തോടൊപ്പം കെഎസ്‌ആർടിസിയുടെ കൈവശമുളള പണവും ശമ്പളവിതരണത്തിന് നൽകി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കും എന്ന ഉപാധിയിൽ പണം നൽകിയെങ്കിലും 12 മണിക്കൂറാണോ ഇതെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ല എന്നാണ് വിവരം.ഒക്‌ടോബർ ഒന്നുമുതൽ മൂന്ന് മാസമായി ഘട്ടംഘട്ടമായി സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്.