rohit

ദുബായ്:ഏഷ്യ കപ്പിൽ പാകിസ്ഥാനുമായുള്ള രണ്ടാം മത്സരം തോറ്റതിന്റെ നിരാശയിലായിരുന്ന ഇന്ത്യൻ ആരാധകർക്ക് നേർത്ത പ്രതീക്ഷ നൽകുന്നതായിരുന്നു, ഇന്നത്തെ മത്സരത്തിൽ ക്യാപ്‌റ്റൻ രോഹിത് ശർമയുടെ പ്രകടനം. ഇന്ത്യയുടെ ഫൈനൽ സാദ്ധ്യത നിർണയിക്കുന്ന ശ്രീലങ്കയുമായുള്ള മത്സരത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന മെച്ചപ്പെട്ട സ്‌കോർ ഉറപ്പിക്കാൻ രോഹിത്തിന്റെ അർദ്ധ സെഞ്ചുറി ഇന്നിംഗ്സ് വലിയ പങ്ക് തന്നെ വഹിച്ചിരുന്നു. 41 പന്തിൽ നാല് സിക്സും അഞ്ച് ഫോറുമടക്കം 72 റൺസ് നേടിയ രോഹിത് ശർമ പുതിയ ചില ഏഷ്യ കപ്പ് റെക്കോർഡുകളിലേയ്ക്ക് കൂടിയാണ് ഇന്ന് കാലെടുത്ത് വെച്ചത്.

ഫോമിലായാൽ വമ്പൻ സിക്സറുകൾക്ക് പേരുകേട്ട ഇന്ത്യൻ നായകൻ ഇന്നത്തെ മത്സരത്തിൽ പറത്തിയ നാല് സിക്സറുളോടെ, പാകിസ്ഥാൻ താരമായ ഷാഹിദ് അഫ്രീദിയുടെ ഏഷ്യ കപ്പിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കാർഡ് തകർത്തു. 31 ഏഷ്യ കപ്പ് മത്സരങ്ങളിൽ നിന്നും 29 സിക്സറുകളുമാണ് താരം ഇത് വരെ നേടിയിട്ടുള്ളത്. തന്റെ അർദ്ധ സെഞ്ചുറി നേട്ടം കൊണ്ട് ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കാർഡും രോഹിത് ഇന്ന് തകർത്തിട്ടുണ്ട്. ഏഷ്യ കപ്പിൽ 1000 ൽ അധികം റൺസ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് രോഹിത്. നിലവിൽ 30 ഇന്നിംഗ്സുകളിലായി 1016 റൺസ് ഇന്ത്യൻ ക്യാപറ്റൻ കരസ്ഥമാക്കിയിട്ടുണ്ട്.