
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ രണ്ടാം മത്സരത്തിലും ഇന്ത്യയ്‌ക്ക് പരാജയം. 174 റൺസ് വിജയലക്ഷ്യം ഒരേയൊരു പന്ത് ബാക്കിനിൽക്കെ 19.5ഓവറിൽ ശ്രീലങ്ക മറികടന്നു. ഇതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഫൈനൽ പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. ഇനി വ്യാഴാഴ്‌ച അഫ്‌ഗാനോടുളള മത്സരം മാത്രമാണ് ഇന്ത്യയ്‌ക്ക് ബാക്കിയുളളത്. ലങ്കയ്‌ക്കായി കുശാൽ മെൻഡിസ് 57ഉം പതും നിസങ്ക 52ഉം നായകൻ ദഷുൻ ഷനക 18 പന്തിൽ 33 റൺസും നേടി.
സൂപ്പർ ഫോർ മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും ഇപ്പോൾ രണ്ടാമത് മത്സരത്തിൽ ശ്രീലങ്കയോടും നേടിയ തോൽവി ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അതേസമയം ശ്രീലങ്കയുടെ വിജയം അവരുടെ ഫൈനൽ ബെർത്ത് ഏതാണ്ട് ഉറപ്പിക്കാനും സഹായിച്ചു. അവസാന ഓവറിൽ ഏഴ് റൺസ് വിജയലക്ഷ്യം തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിട്ടും യുവതാരം അർഷ്‌ദീപ് സിംഗിന് തടുക്കാനായില്ല.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകൻ രോഹിത് ശർമ്മയുടെയും (41 പന്തിൽ 72), സൂര്യകുമാർ യാദവിന്റെയും (29 പന്തിൽ 34) ബലത്തിലാണ് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 173 എന്ന സ്‌കോറിലെത്തിയത്. ദിൽഷൻ മധുശങ്ക 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ദശുൻ ശനക 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാർ പതുൻ നിസങ്കയും കുശാൽ മെൻഡിസും ഭയമില്ലാതെ ബാറ്റ് വീശിയതോടെ ലങ്ക അതിവേഗം റൺസ് കണ്ടെത്തി. നൂറ് റൺസിന് മൂന്ന് റൺസ് അകലെവച്ചാണ് ഇന്ത്യയ്‌ക്ക് ഈ കൂട്ടുകെട്ട് തകർക്കാനായത്. ഇന്ത്യയ്‌ക്കായി ചഹൽ മൂന്നും വെറ്ററൻ സ്‌പിന്നർ അശ്വിൻ ഒന്നും വിക്കറ്റ് വീഴ്‌ത്തി. പക്ഷെ സ്‌പിന്നർമാർക്കും റൺസ് വിട്ടുനൽകുന്നത് തടയാനായില്ല.