
ലണ്ടൻ : ഇന്ത്യൻ വംശജ സ്യുവെല്ല ബ്രേവർമാനെ ഹോം സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ ക്യാബിനറ്റിലെ മറ്റ് തന്ത്രപ്രധാന പദവികളിലും ലിസ് ട്രസ് ഇന്നലെ നിയമനം നടത്തി. തെരീസ് കോഫി പുതിയ ഉപപ്രധാനമന്ത്രിയാകും. ഹെൽത്ത് സെക്രട്ടറി പദവിയും തെരീസിനാണ്. ബോറിസ് മന്ത്രിസഭയിൽ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായിരുന്നു തെരീസ്. ക്വാസി ക്വാർടെംഗ് - ധനമന്ത്രി ( മുൻ ബിസിനസ് സെക്രട്ടറി ), ജെയിംസ് കാലവെർലി - ഫോറിൻ സെക്രട്ടറി ( മുൻ എജ്യുക്കേഷൻ സെക്രട്ടറി ) എന്നിവരാണ് മറ്റ് ക്യാബിനറ്റ് അംഗങ്ങൾ. വെൻഡി മോർട്ടണാണ് ചീഫ് വിപ്പ്. ബെൻ വാലസ് നേരത്തെ വഹിച്ചിരുന്ന പ്രതിരോധ സെക്രട്ടറി പദവി നിലനിറുത്തി.
ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് ചേരും. ഇവർ എല്ലാവരും പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള ലിസ് ട്രസ് - ഋഷി പോരാട്ടത്തിൽ ലിസിനെ പിന്തുണച്ചവരാണ്. ബോറിസ് മന്ത്രിസഭയിൽ ഋഷി സുനാകിന്റെ അനുഭാവികളിൽ പലരെയും ലിസ് ട്രസ് തന്റെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.