liji

കിഴക്കമ്പലം: മൂന്ന് മക്കളെ അനാഥരാക്കി, ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. പള്ളിക്കര പിണർമുണ്ടയിൽ ഊത്തിക്കര ഭാസ്കരന്റെ മകൾ ലിജയാണ് (41) കൊല്ലപ്പെട്ടത്. ലിജയുടെ വീടിനു താഴെയുള്ള വിജനമായ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഭർത്താവ് ഒഡിഷ സ്വദേശി സുക്രുവെന്ന (40) സാജന്റെ ജഡം.

സമീപത്തെ പ്ലൈവുഡ് കമ്പനിയിൽ ഒന്നിച്ച്ജോലി ചെയ്യവേ 14 വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടർന്ന് ലിജയുടെ വീട്ടിൽ താമസമാക്കി. ലിജയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന സംശയത്തെയും വഴക്കിനെയും തുടർന്ന് രണ്ടുമാസം മുമ്പ് വീട്ടിൽ നിന്ന് സാജൻ മാറി താമസമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ സാജൻ പലഹാരങ്ങളുമായി ലിജയെയും മക്കളെയും കാണാനെത്തി. ലി​ജയുമായി​ രാത്രി വീടിനു പിന്നിലിരുന്ന് സംസാരിക്കുന്നതി​നി​ടെയാണ് കൊലപാതകം. കനത്ത മഴയായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും അനുജത്തിയും സംഭവമറിഞ്ഞില്ല.

നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുന്ന ലിജയെ ഇവർ കാണുന്നത്. പഴങ്ങനാട്ടെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ഇന്നലെ രാവിലെ വഴിയി​ൽ ചെരുപ്പും മുണ്ടും കണ്ട് നടത്തിയ അന്വേഷണത്തിലാണ് സാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനിക, ആര്യൻ, അനീഷ എന്നിവർ മക്കളാണ്.