dhanvik

തിരുവനന്തപുരം : അസാധാരണമായ ഓർമ്മ ശക്തിയിലൂടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയിരിക്കുകയാണ് ഒന്നര വയസുകാരൻ ധൻവിക് ദാസ്. 25 ഇനം മൃഗങ്ങളെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയും. 25 ഇനം പച്ചക്കറികളും 13 ഫലവർഗങ്ങളും 35 ചിത്രങ്ങളും തിരിച്ചറിയുന്നതിനു പുറമേ ഒൻപത് മനുഷ്യശരീര ഭാഗങ്ങളും എന്തെന്ന് കൃത്യമായി പറയാൻ കഴിയും. പ്രാഥമികമായി അറിയേണ്ട ഏതു കാര്യം ചോദിച്ചാലും കൃത്യമായ മറുപടിയുണ്ട് ഈ കൊച്ചുമിടുക്കന്.

കായംകുളം ചേരാവള്ളി മണ്ണൂത്തറയിൽ തുളസീദാസിന്റെയും (ബഹറിൻ) കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ അദ്ധ്യാപിക ആര്യയുടെയും രണ്ടാമത്തെ മകനാണ് ധൻവിക് ദാസ്. രാഷ്ട്രപിതാവ്, ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, രാജ്യ തലസ്ഥാനം തുടങ്ങി പൊതു വിജ്ഞാന മേഖലയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കും ധൻവികിന്റെ മറുപടി കൃത്യമാണ്.

നഴ്സറി ക്ളാസിൽ പഠിപ്പിക്കുന്ന ആറ് ചെറുഗാനങ്ങളും തെറ്റില്ലാതെ ആലപിക്കും. ഇതിന്റെയെല്ലാം വീഡിയോ കണ്ടശേഷമാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതരെത്തി കഴിവുകൾ നേരിട്ട് ബോദ്ധ്യപ്പെട്ടത്. സഹോദരനായ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ യു.കെ.ജി വിദ്യാർത്ഥി ദൈവിക് ദാസിനെ അമ്മ പഠിപ്പിക്കുന്നത് കേട്ടാണ് ധൻവിക് ഈ അറിവുകളെല്ലാം നേടിയത്.