
വിഴിഞ്ഞം: മറൈൻ അക്വേറിയത്തിൽ ഓണക്കാഴ്ച ഒരുക്കാൻ പുത്തൻ അതിഥികളെത്തി. പുള്ളിത്തിരണ്ടിയും (ഈഗിൾ റേ) ഷാർക്കുമാണ് പുതിയ ഇനം മത്സ്യങ്ങൾ. അവധിക്കാലമായതിനാൽ അക്വേറിയത്തിൽ തിരക്ക് കൂടുതലാണ്. ബ്രൗൺ നിറത്തിലുള്ള ശരീരത്തിൽ വെള്ളനിറത്തിലെ പൊട്ടുകളുള്ള കാക്കതിരണ്ടി അഥവാ ഈഗിൽറേയാണ് പ്രധാന ആകർഷണം.
അഴിമുഖത്തും ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും വളരുന്ന കണ്ടൽച്ചെടികൾ ഇനിമേൽകൂരയ്ക്കു താഴെയും വളരുമെന്ന് തെളിയിക്കുകയാണ് അക്വാറിയം. മത്സ്യങ്ങൾക്ക് തനത് ആവാസ വ്യവസ്ഥയും കാണികൾക്ക് കൗതുകവുമെന്ന ആശയമാണ് കണ്ടൽക്കാടുകൾ നട്ടുവളർത്താൻ കാരണമെന്ന് അധികൃതർ പറയുന്നു. വള്ളിക്കണ്ടൽ, കുറ്റിക്കണ്ടൽ, പ്രാന്തൻ കണ്ടൽ തുടങ്ങി കേരളത്തിൽ കണ്ടുവരുന്ന വിവിധയിനങ്ങളാണ് ഇവിടെ നട്ടുവളർത്തുന്നത്. ഭക്ഷ്യയോഗ്യമായ വെളമീൻ അലങ്കാര മത്സ്യമായ ആന്തിയാസ് എന്നിവ മുൻപ് ഇവിടെ കൃത്രിമമായി വികസിപ്പിച്ചിരുന്നു. ഇവ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച മത്സ്യങ്ങൾ. ഇവ കൂടാതെ നിരവധി ചിപ്പിയിനങ്ങളും വളർത്തി കേന്ദ്രം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഭീകരനാണ് ഭീമൻ സ്രാവ്
കാഴ്ചയിൽ ചെറുതെങ്കിലും ഭീമൻ സ്രാവ് എന്നയിനം മത്സ്യം ദിനംപ്രതി വളരുന്ന ഇനമാണ്. രണ്ടാഴ്ചയ്ക്ക് മുൻപ് അക്വാറിയത്തിൽ ഇതിനെ ലഭിക്കുമ്പോൾ തീരെ ചെറുതായിരുന്നു. ഇപ്പോൾ മൂന്നരയടി വലിപ്പം വച്ചതായി അധികൃതർ പറഞ്ഞു. സമയാസമയം ഭക്ഷണം ലഭിച്ചില്ലെങ്കിൽ സ്വഭാവം മാറും. ടാങ്കിനുള്ളിൽ വാലിട്ടടിച്ച് ബഹളംവയ്ക്കും. പിന്നെ ഒപ്പമുള്ള ചെറിയ മത്സ്യങ്ങളെ അകത്താക്കും. ഇത് വളർന്നാൽ പത്തടിയോളം വലിപ്പം വരുമെന്നതിനാൽ വലിപ്പമേറിയതും ബലമുള്ളതുമായ ടാങ്ക് നിർമ്മിക്കണമെന്ന് അധികൃതർ പറഞ്ഞു.
കാഴ്ചയൊരുക്കി വർണ്ണ മീനുകൾ
കോമാളി മത്സ്യങ്ങൾ, ഡാംഷെല്ലുകൾ, ബാറ്റ്ഫിഷ്, മുള്ളൻപന്നി മത്സ്യം തുടങ്ങിയ 25 ഓളം ഇനം മത്സ്യങ്ങൾ ഇപ്പോൾ അക്വാറിയത്തിലെ ടാങ്കുകളിൽ കാഴ്ചക്കാരുടെ മുന്നിൽ നീന്തി തുടിക്കുകയാണ്. സന്ദർശകർക്ക് കാഴ്ചക്കായി ടാങ്കുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. മത്സ്യങ്ങളുടെ ദീർഘകാല നിലനിൽപ്പിനായി കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥക്കു അനുയോജ്യമായ സാങ്കേതിക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.