biju

കൊല്ലം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 14കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയവർ മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്ന് കുട്ടി പറഞ്ഞു. സഹോദരിയെ അടിച്ച് വീഴ്ത്തിയ ശേഷം തന്നെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയെന്നും കുട്ടി വെളിപ്പെടുത്തി.

കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകനായ ബിജു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ബിജു. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് പ്രതികൾ രക്ഷപ്പെട്ടെങ്കിലും ഇവർ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്.