fort-kochi

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്‌റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്കാണ് പരിക്ക്. ഫോർട്ട്‌ കൊച്ചിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവെയാണ് വെടിയേറ്റതെന്നാണ് സൂചന.

സെബാസ്റ്റ്യനെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. മത്സ്യത്തൊഴിലാളിക്ക് എങ്ങനെയാണ് വെടിയേറ്റത് എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

നാവികസേനയുടെ ഫയറിംഗ് പരിശീലനം നടത്തുന്ന പ്രദേശത്താണ് വെടിവയ‌്പ്പ് നടന്നതെന്ന് സൂചനയുണ്ട്. എന്നാൽ, ബോട്ടുകൾ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല. എന്നാൽ പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ലഭിച്ചത് എന്നതുകൊണ്ട് അത്തരത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.