lotus-silk

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ് താമര. ചെളിയിലാണ് വളരുന്നതെങ്കിലും താമരപ്പൂവിന്റെ അഴകിനും പ്രൗഡിക്കും പകരം വയ‌്ക്കാൻ മറ്റൊന്നില്ല. അതുകൊണ്ടു തന്നെയാണ് ഹൈന്ദവ വിശ്വാസപ്രകാരം പൂജാവേളയിൽ താമരയ‌്ക്ക് പ്രത്യേക സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അത്യപൂർവമായ മറ്റൊരു പ്രത്യേകത കൂടി താമരയ‌്ക്കുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ പട്ടുകളിലൊന്ന് നിർമ്മിക്കപ്പെടുന്നത് താമരച്ചെടിയുടെ തണ്ടിൽ നിന്നാണെന്ന് എത്രപേർക്ക് അറിയാം? അതെ ലോട്ടസ് സിൽക്ക് എന്ന ആ വിലയേറിയ പട്ടുനൂൽ ഉൽപന്നത്തിന്റെ ഉത്ഭവത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ലോകത്തിൽ വളരെ അപൂർവം പേർക്ക് മാത്രമേ താരമത്തണ്ടിൽ നിന്ന് പട്ട് നിർമ്മിക്കുന്ന വിദ്യ അറിയുകയുള്ളൂ. ഇന്ത്യൻ സംസ്ഥാനമായ മണിപൂർ ലോട്ടസ് സിൽക് നിർമ്മാണത്തിന് പേരുകേട്ടതാണ്. മണിപ്പൂരിലെ പ്രശസ്‌തമായ ശുദ്ധജല തടാകം ലോക്‌ടാക്ക് തടാകത്തിൽ നിന്നുള്ള താമരത്തണ്ടുകളാൽ നിർമ്മിക്കുന്ന പട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആവശ്യക്കാരുള്ളത്.

1900 കാലഘട്ടത്തിലാണ് ലോട്ടസ് സിൽക് നിർമ്മാണം ലോകത്ത് വ്യാപകമാകുന്നത്. കംബോഡിയ, മ്യാൻമാർ, വിയറ്റ്നാം എന്നിവിടങ്ങളിലായിരുന്നു താമരപ്പട്ടിന്റെ നിർമ്മാണം. ഇന്ത്യയിൽ ഇതിന്റെ ഉത്‌പാദനം ആരംഭിച്ചിട്ട് അധികം കാലം ആയിട്ടില്ല. തീർത്തും കൈ കൊണ്ടാണ് പട്ട് നിർമ്മിക്കുന്നത്. വളരെ വൈദഗ്‌ദ്ധ്യം ആവശ്യമായ പ്രക്രിയ ആണിത്. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഏതൊരു പട്ടിനേക്കാളും പത്തിരട്ടി വിലയാണ് ലോട്ടസ് സിൽക്കിനുള്ളത്. താമരത്തണ്ടിന്റെ ഗുണമേന്മയാണ് സിൽക്കിന്റെ നിലവാരം നിശ്ചയിക്കുന്നത്. പ്രത്യേക തരത്തിൽ നിർമ്മിച്ച തടിമേശയിലാണ് ഫൈബർ വേർതിരിക്കുന്നത്.

അടുത്തിടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലേക്ക് സിൽക്കിനെ കുറിച്ച് പറഞ്ഞിരുന്നു. മൃദുലത മാത്രമല്ല ലോട്ടസ് സിൽക്കിനെ വ്യത്യസ്‌മാക്കുന്നത്. ഒരു തരത്തിലുള്ള രാസവസ്തുക്കളും നിർമ്മാണഘട്ടത്തിൽ ഒരിക്കൽ പോലും ഇതിൽ ഉപയോഗിക്കുന്നില്ല. ആരോഗ്യപരമായി നിരവധി ഗുണങ്ങളും താമരപ്പട്ടിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.