
കന്യാകുമാരി: രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യകുമാരിയിൽ സമാരംഭം. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഖാദിയിൽ തയ്യാറാക്കിയ ദേശീയപതാക രാഹുൽ ഗാന്ധിയ്ക്ക് കൈമാറി. 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ നടക്കുന്നത്. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് ബൃഹത്തായ ഭാരത് ജോഡോ യാത്ര സഘടിപ്പിച്ചത്. യാത്രയ്ക്കു മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി.
മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, അശോക് ഗെലോട്ട് എന്നിവരടങ്ങുന്ന സംഘം യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ പൊതുവായ ജനരോഷമുയർത്തി വിടാനും തുടർച്ചയായ തോൽവികൾ തകർത്ത കോൺഗ്രസ് അണികളുടെ ആത്മവിശ്വാസമുയർത്താനും ഭാരത് ജോഡോ യാത്ര വലിയ പങ്കുവഹിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. രണ്ട് ബാച്ചുകളിലായി ക്രമീകരിച്ചിരിക്കുന്ന യാത്രയിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ദിവസവും 23 കിലോമീറ്ററോളം സഞ്ചരിക്കും..