
ദുബായ് : ഐ.സി.സി ട്വന്റി-20 റാങ്കിംഗിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്ന് പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തി. ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കും ഹോംഗ്കോംഗിനുമെതിരെ നേടിയ അർദ്ധസെഞ്ച്വറികളാണ് റിസ്‌വാന് റാങ്കിംഗിൽ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കരിയറിൽ ആദ്യമായാണ് റിസ്‌വാൻ ഒന്നാം റാങ്കിലെത്തുന്നത്. ഇന്ത്യയ്ക്കെതിരെ അർദ്ധസെഞ്ച്വറി നേടിയ ലങ്കൻ ബാറ്റർ പാത്തും നിസംഗ എട്ടാം റാങ്കിലേക്ക് ഉയർന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നാലുപടവുകൾ കയറി 13-ാം സ്ഥാനത്തെത്തി. വിരാട് കൊഹ്‌ലി 29-ാം റാങ്കിലെത്തി.