
മുംബയ് : പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. അപകടമുണ്ടായ സ്ഥലത്തെ പാലത്തിന്റെ രൂപകല്പനയിൽ അപാകതയുള്ളതു കൂടാതെ പാലത്തോട് അടുക്കുമ്പോൾ മൂന്നുവരി റോഡ് പെട്ടെന്ന് രണ്ടുവരിയായതും അപകടത്തിന് കാരണമായതായി സംഘം കണ്ടെത്തി. പാലത്തിന്റെ പാരപെറ്റ് മതിൽ റോഡിന്റെ ഷോൾഡർ ലെയിനിലേക്ക് തള്ളിനിൽക്കുകയാണ്. അതിനാലാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മെഴ്സിഡസ് ബെൻസ് അപകടത്തിൽ പെടാൻ ഇടയാക്കിത്. വാഹനത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാഘടകങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും പിൻസീറ്റിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് മരണത്തിന് ഇടയാക്കിയത്. മുൻവശത്തെ എയർബാഗുകൾ പ്രവർത്തിക്കുകയും അവിടെ ഇരുന്നവർ പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര പൊലീസും സംസ്ഥാന ഗതാഗത വകുപ്പും നിയോഗിച്ച സംഘം സോഫ്റ്റ്‌വെയർ സിമുലേഷനുകളും മോഡലിംഗും നടത്തി അപകടത്തിൽ പെട്ട കാർ അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. ക്രാഷ് ഇൻവെസ്റ്റിഗേഷനിൽ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് അപകടസ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഐ.ഐ.ടി ഖരഗ്പൂരിൽ നിന്നുള്ള രണ്ട് മെക്കാനിക്കൽ, സിവിൽ എൻജിനിയർമാരും സിമുലേഷനുകളിലും മോഡലിംഗിലും വൈദഗ്ദ്ധ്യമുള്ള അംഗവും ഉൾപ്പെടുന്നു.