jj

ചെന്നൈ: സി.ബി.ഐ,​ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,​ ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്‌മീർ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ബി,​ജെ.പി ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു,​ ഈ രാജ്യത്തു ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നതാണ് ദേശീയ പതാക. എന്നാൽ ആ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നു. ഇന്ന് ഓരോ സ്ഥാപനവും ബി.ജെ.പിയുടെയും ആർ.എസ്,​എസിന്റെയും ആക്രമണത്തിന് വിധേയമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മുൻപ് ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. ഇന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കുന്നത് 3 - 4 വൻകിട കമ്പനികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര.