mahabali-amith-shah

കൊച്ചി: ഓണം ഐതിഹ്യമുറങ്ങുന്ന തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിൽ ഇക്കുറിയും തിരുവോണത്തിനും 'മഹാബലി' എത്തില്ല. ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയിൽ പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മണ്ഡപം മഹാബലി ചക്രവർത്തിയുടെ പ്രതിമയ്ക്കായി കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചാകുന്നു.

മണ്ഡപം കൂടാതെ 14 ലക്ഷം രൂപയായിരുന്നു വെങ്കലപ്രതി​മയ്ക്ക് ചെലവ് കണക്കാക്കിയത്. പി​ന്നീട് ബഡ്ജറ്റ് കുറച്ച് ആറര ലക്ഷം രൂപയ്ക്ക് നി​​ർമ്മാണം സിമന്റിലാക്കാൻ നി​ശ്ചയി​ച്ചെങ്കിലും പ്രതിമ ഇതുവരെ സഫലമായില്ല. പ്രശസ്ത ശില്പി കൊല്ലം ഇത്തിക്കര സ്വദേശിയായ ശാന്തനു എന്ന ശാന്തകുമാറി​നായി​രുന്നു നി​ർമ്മാണ ചുമതല. പക്ഷേ ബോർഡുമായി​ ഇദ്ദേഹം കരാറൊന്നും ഒപ്പുവച്ചി​ട്ടി​ല്ല. 2021 നവംബറി​ൽ ബോർഡ് ശന്തനുവി​ന് കത്തയച്ചി​ട്ടുണ്ടെങ്കി​ലും തുടർ നടപടി​യൊന്നും ഉണ്ടായി​ല്ല.

മഹാബലിയെ വാമനൻ തലയി​ൽ ചവി​ട്ടുന്ന ചി​ത്രത്തോടെ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ വാമനജയന്തി ആശംസ നേർന്നതി​നെ തുടർന്നുള്ള വലി​യ ചർച്ചകളാണ് തൃക്കാക്കര ക്ഷേത്രത്തി​ൽ പ്രതി​മാസ്ഥാപന പ്രഖ്യാപനത്തി​ൽ എത്തി​യത്.

ബ്രാഹ്മണനായ വാമനൻ അസുരനായ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്ന തലത്തിലായി​രുന്നു വാഗ്വാദങ്ങൾ. ഇതി​നി​ടെയാണ് അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായ അജയ് തറയിലും മഹാബലി പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. മണ്ഡപം നി​ർമ്മാണത്തി​ന് ഉടനെ കരാർ നൽകി​. 2018ൽ മണ്ഡപം തയ്യാറായി​. ബോർഡി​ന്റെ കാലാവധി​ കഴി​ഞ്ഞതോടെ മഹാബലി​യോടുള്ള താത്പര്യം അവസാനി​ച്ചു. അങ്ങി​നെ മണ്ഡപം വെറുമൊരു കാഴ്ചവസ്തുവായി​ അവശേഷി​ച്ചു. ഈ ഫയൽ കൈകാര്യം ചെയ്തി​രുന്ന ഉദ്യോഗസ്ഥർ വി​രമി​ക്കുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തു. മഹാബലി​ പ്രതി​മയെക്കുറി​ച്ച് ബോർഡി​ൽ ആർക്കും ഇപ്പോൾ വലി​യ പി​ടി​പാടി​ല്ല.

കുടവയറില്ലാത്ത യോദ്ധാവ്

തൃക്കാക്കര ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിക്കാൻ നി​ശ്ചയി​ച്ചത് കുടവയറൻ കൊമ്പൻ മീശക്കാരൻ മാവേലിയല്ല. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന മഹാബലി ചിത്രം മാതൃകയാക്കി അംഗീകരിച്ച രൂപം ദൃഢഗാത്രനായ യോദ്ധാവിനെ പോലുള്ളതാണ്.