
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം എപി അബൂബക്കർ മുസലിയാർ. ഇതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‌സലർക്ക് കാന്തപുരത്തിന്റെ ഓഫിസ് കത്ത് അയച്ചു. ഡി ലിറ്റ് ചർച്ചകളിൽ നിന്ന് കാന്തപുരത്തിന്റെ പേര് ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഡി ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും കത്തിൽ വ്യക്തമാക്കി.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് നൽകണമെന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇടത് അനുകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയാവുകയും ചെയ‌്തു.