nirmalasitharaman
nn

ഹൈദരാബാദ്: തെലങ്കാന സന്ദർശനത്തിനിടയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമില്ല എന്ന കാരണത്തിൽ ജില്ലാ കളക്ടറോട് കയർത്ത സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര ധനമന്ത്രിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ. കവിത.

"സീതാരാമൻ ജീ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വെയ്ക്കണമെങ്കിൽ തീർച്ചയായും ഞങ്ങളത് വെയ്ക്കും. ഗ്യാസ് സിലിണ്ടറുകൾ, യൂറിയ പാക്കറ്റുകൾ, പെട്രോൾ, ഡീസൽ പന്പുകൾ, എണ്ണ, ധാൽ പാക്കറ്റുകൾ എന്നിങ്ങനെ വില വർധിക്കുന്നിടത്തെല്ലാം പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വെയ്ക്കും". കെ. സി. ആർ സർക്കാരിന്റെ പെൻഷൻ വിതരണ ചടങ്ങിനിടയിൽ കവിത പറ‌ഞ്ഞു.

അതിഥിയായി സംസ്ഥാനത്തിലെത്തിയവർ റേഷൻകടയിലെത്തി പ്രധാനമന്ത്രിയുടെ ചിത്രമില്ല എന്ന് പറഞ്ഞ് ജില്ല കളക്ടറോട് വഴക്കിട്ടത് ശരിയായില്ലെന്നും, മുൻ പ്രധാനമന്ത്രിയായ നെഹ്റുവിന്റെയോ, മൻമോഹൻ സിംഗിന്റെയോ, വാജ്പേയുടെയോ ചിത്രങ്ങളൊന്നും ആരും റേഷൻകടകളിൽ വെച്ചിരുന്നില്ല എന്നും കവിത പറ‌ഞ്ഞു. തെലങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ നിസാമാബാദിൽ നിന്നുള്ള നിയമസഭാംഗം കൂടിയാണ് കെ.കവിത.