taiwan

സ്പ്രിംഗ്‌ഫീൽഡ് : പാമ്പുകളുടെ ദേശാടന സീസൺ ആരംഭിച്ചതോടെ രണ്ട് മൈൽ ദൂരമുള്ള റോഡിൽ വാഹന ഗതാഗതം നിരോധിച്ച് വനംവകുപ്പ് അധികൃതർ. യു.എസിലെ ഇലിനോയി സംസ്ഥാനത്തെ 345ാം ഫോറസ്റ്റ് റോഡാണ് എല്ലാ വർഷവും നടക്കുന്ന ഈ അപൂർവ പ്രതിഭാസത്തിന് സാക്ഷിയാകുന്നത്.

ഷോണീ നാഷണൽ ഫോറസ്റ്റിലൂടെ കടന്നുപോകുന്ന ഈ റോഡിലെ വാഹന ഗതാഗതം സെപ്തംബർ ഒന്നിനാണ് നിരോധിച്ചത്. ഒക്ടോബർ 30വരെ നിരോധനം തുടരുമെന്ന് യു.എസ് ഫോറസ്റ്റ് സർവീസ് അറിയിച്ചു. എല്ലാ വർഷവും വസന്തകാലത്ത് ' സ്നേക്ക് റോഡ് " എന്നറിയപ്പെടുന്ന ഈ പാത ഇതുപോലെ അടയ്ക്കാറുണ്ട്.

മേഖലയിലെ ലാറൂ ചതുപ്പ് പ്രദേശത്ത് നിന്ന് സമീപത്തെ ചുണ്ണാമ്പ്കല്ല് കുന്നുകളിലേക്കാണ് റോഡ് മുറിച്ചുകടന്ന് പാമ്പുകൾ സഞ്ചരിക്കുക. ഉഭയ ജീവികളും ഇത്തരത്തിൽ ദേശാടനം നടത്തുന്നു. വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളും ഇതിൽപ്പെടുന്നു. റോഡ് അടയ്ക്കുന്നതോടെ ഇവയ്ക്ക് സ്വതന്ത്രമായും സുരക്ഷിതമായും കടന്നുപോകാൻ സാധിക്കുന്നു. റോഡിൽ വാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും കാൽനടയാത്രയ്ക്ക് തടസമില്ല.

ഏകദേശം 23 സ്പീഷീസിലെ പാമ്പുകൾ സ്നേക്ക് റോഡ് പരിസരത്തുണ്ടെന്നാണ് കണക്ക്. ഉഗ്രവിഷമുള്ള റാറ്റിൽ സ്നേക്കുകളും കോപ്പർഹെ‌ഡ് പിറ്റ് വൈപ്പറുകളും ഇതിൽപ്പെടുന്നു. വിവിധ സ്പീഷീസിലെ പാമ്പുകളെ ഒരുമിച്ച് കാണാൻ സാധിക്കുന്ന വടക്കേ അമേരിക്കയിലെ ഏതാനും പ്രദേശങ്ങളിലൊന്നാണ് സ്നേക്ക് റോഡ്.