kk

ദുബായ് : ഏഷ്യാകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുറത്തായി. ഇന്ന് നടന്ന സൂപ്പർ ഫോർ മത്സരത്തിൽ ഒറ്റവിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ അവശേഷിച്ച ഇന്ത്യൻ പ്രതീക്ഷകളെ തകർത്തുകളഞ്ഞത്. ആദ്യം ബാറ്റുചെയ്ത് 129/6 എന്ന സ്കോറിൽ ഒതുങ്ങേണ്ടിവന്നെങ്കിലും പാകിസ്ഥാന്റെ ഒൻപത് വിക്കറ്റുകൾ പിഴുത അഫ്ഗാൻകാർ അവസാനഓവറിൽ പിടിവിട്ടുകളയുകയായിരുന്നു.

ഈ വിജയത്തോടെ പാകിസ്ഥാൻ ഫൈനലിലെത്തി. അഫ്ഗാനെയും ഇന്ത്യയെയും സൂപ്പർ ഫോറിൽ കീഴടക്കിയ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ. ഞായറാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള ഫൈനൽ. വെള്ളിയാഴ്ച ഇതേടീമുകൾ തമ്മിൽ സൂപ്പർ ഫോർ റൗണ്ടിലും ഏറ്റുമുട്ടുന്നുണ്ട്. അതേസമയം ഇന്ത്യ ചടങ്ങ് തീർക്കാനായി നാളെ സൂപ്പർ ഫോറിലെ അവസാനമത്സരത്തിൽ അഫ്ഗാനെ നേരിടും.

പാകിസ്ഥാൻ തോറ്റിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ അൽപ്പം സാദ്ധ്യതയെങ്കിലും അവശേഷിച്ചേനെ. അവസാനംവരെ ആ പ്രതീക്ഷ ഇന്ത്യയ്ക്ക് നൽകിതന്നെയാണ് അഫ്ഗാൻ പൊരുതിയത്. പക്ഷേ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സിന് പറത്തിയ വാലറ്റക്കാരൻ നസീം ഷാ പാകിസ്ഥാന് വിജയമേകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് വേണ്ടി ഓപ്പണർമാരായ ഹസ്രത്തുള്ളയും(21), ഗുർബാസും(17) ചേർന്ന് 3.5 ഓവറിൽ 36 റൺസ് കൂട്ടിച്ചേർത്തിരുന്നു.ഗുർബാസിനെ ബൗൾഡാക്കി ഹാരിസ് റൗഫാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്ന് ഇബ്രാഹിം സദ്രാൻ (35) പൊരുതിനോക്കിയെങ്കിലും കരീം ജാനത്ത്(15),നജീബുള്ള സദ്രാൻ (10),മുഹമ്മദ് നബി(0) എന്നിവർ പുറത്തായത് അഫ്ഗാന് തിരിച്ചടിയായി.റാഷിദ് ഖാനും (18*) അസ്മത്തുള്ളയും (10*) അവസാന ഓവറുകളിൽ നടത്തിയ പോരാട്ടമാണ് 129ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് ബാബർ അസമിനെയും(0),ഫഖാർ സമാനെയും (5) തുടക്കത്തിലേ നഷ്ടമായി. തുടർന്ന് റിസ്‌വാൻ(20),ഇഫ്തിഖർ(30),ഷദാബ് (36)എന്നിവർ പൊരുതിയെങ്കിലും മുറയ്ക്ക് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി.