
അശ്ലീല വീഡിയോ കാണുന്നത് വിരസത അകറ്റാനും സമ്മർദ്ദം കുറയ്ക്കാനും നേരംപോക്കിനുമെന്നാണ് പലരും പറയുന്നത്. കൊവിഡ് കാലത്ത് അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണം കൂടി എന്നാണ് വിവിധ സർവേകളിൽ കണ്ടെത്തിയത്. പോൺ അഡിക്ഷൻ മറികടക്കാൻ ചികിത്സ തേടിയവരും നിരവധി പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോൺ അഡിക്ഷനെ മറികടക്കുന്നതിന് ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ മതിയാകും.
പതിവായി അശ്ലീല വീഡിയോ കാണുന്നത് നിങ്ങളുടെ ജോലിയിലുള്ള ശ്രദ്ധയെ ബാധിക്കും. പങ്കാളിയുമായുള്ള ബന്ധത്തിനെയും ഇത് പ്രതികൂലമായി ബാധിക്കാം. ഇത്തരം സ്വഭാവം വ്യക്തിബന്ധങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കണം. ഇത്തരം വീഡിയോകൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും വ്യാജ കണ്ടന്റുമാണെന്നും തിരിച്ചറിയണം.
സ്ഥിരമായി ഒരു റുട്ടീൻ ഉണ്ടാക്കിയെടുക്കുന്നതും ഫലപ്രദമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നതും വഴി പോൺ അഡിക്ഷൻ കുറയ്ക്കാനാവും, കൂടാതെ ഫോണിൽ നിന്നും കംപ്യൂട്ടറിൽ നിന്നും അശ്ലീല വിഡിയോകള്‍ കാണുന്ന ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യണംം. സ്‌ട്രെസ് മാറ്റാനാണ് അശ്ലീല വീഡിയോ കാണുന്നതെങ്കിൽ വ്യായാമം പോലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ നൽകണം. പോൺ അഡിക്ഷനും പോൺ കാണുന്നതുമൊക്കെ മോശം പ്രവർത്തിയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. പക്ഷെ ഇത് നിങ്ങളെ കീഴ്‌പ്പെടുത്തുന്നുണ്ടെന്ന് തോന്നിയാൽ സഹായം തേടുന്നതിൽ നിന്ന് പിന്നോട്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം,