
സാൻഫ്രാൻസിസ്കോ: ഐഫോൺ 14 സീരീസിലെ പുതിയ മോഡലുകൾ ആപ്പിൾ ലോഞ്ച് ചെയ്തു. ഐഫോൺ 14, ഐഫോൺ14 പ്ളസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് സി.ഇ.ഒ ടിം കുക്ക് അവതരിപ്പിച്ചത്. ഡബിൾ പഞ്ച്ഹോൾ ഡിസ്പ്ളേ ആണ് പുതിയ ഐഫോണുകളിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും, മുൻ മോഡലുകളിലെ നോച്ച്,ഐഫോൺ 14, ഐഫോൺ14 പ്ളസ് മോഡലുകളിലും ആപ്പിൾ ഒഴിവാക്കിയിട്ടില്ല. 1200 മാക്സിമം നിറ്റ്സ് ബ്രൈറ്റ്നസിലെ ഒ എൽ. ഇ.ഡി ഡിസ്പ്ളേയോടെയാണ് ഐഫോൺ 14 അവതരിപ്പിച്ചത്. കൂടാതെ ഡോൽബി വിഷൻ സൗകര്യവുമുണ്ട്. A15 ബയേണിക് ചിപ്പാണ് ഐഫോൺ 14നും 14 പ്ളസിനും കരുത്തേകുന്നത്.
12 മെഗാപിക്സലിലുള്ല പ്രൈമറി ക്യാമറകളിലും ആപ്പിൾ മാറ്റമൊന്നും കൊണ്ട് വന്നിട്ടില്ല.1.9 മൈക്രോൺ പിക്സൽസും f1.5 അപ്പെർചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും ക്യാമറകൾക്കുണ്ട്. അമേരിക്കൻ മോഡലുകളിൽ ഇലക്ട്രോണിക് സിമ്മുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക.
ആപ്പിൾ വാച്ച് സീരീസ് 8 ൽ അവതരിപ്പിച്ച ക്രാഷ് ഡിറ്റക്ഷൻ സംവിധാനവും പുതിയ ഐഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെല്ലുലാർ സംവിധാനമില്ലാതെ അടിയന്തര സാഹചര്യങ്ങളിൽ മെസ്സേജുകളയക്കാനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും അമേരിക്കയിലെയും കാനഡയിലെയും ഉപഭോക്താക്കൾക്ക് ആപ്പിൾ, ഐഫോൺ 14 സീരീസിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഈ സൗകര്യം ലഭ്യമാണോ എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.
പുതിയ ഡൈനാമിക് ഐലൻഡ് നോച് ഡിസൈനോട് കൂടെയാണ് ഐഫോൺ 14 പ്രോയും, പ്രോ മാക്സും ആപ്പിൾ അവതരിപ്പിച്ചത്. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ക്യാപ്സ്യൂൾ രൂപത്തിലുള്ള നോച് ആണ് പ്രധാന സവിശേഷത. ആപ്പുകൾക്ക് അനുസരിച്ച് വ്യത്യസ്തമായ ആനിമേഷനുകളായിരിക്കും ഡൈനാമിക് ഐലൻഡ് നോച് പ്രദർശിപ്പിക്കുക.
ഐഫോൺ 14 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലേയും, പ്രോ മാക്സിന് 6.7 ന്റെ 1600 നിറ്റ്സ് ബ്രൈറ്റനസിന്റെ ഡിസ്പ്ലേയുമാണുള്ളത്. പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് കൂടുതൽ മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന പുതിയ A16 ചിപ്പുകളാണ് ആപ്പിൾ നൽകിയിരിക്കുന്നത്. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി 48 മെഗാപിക്സൽ മെയിൻ ക്യാമറയും പ്രോ വേരിയന്റുകളുടെ പ്രത്യേകതയാണ്.
സ്പേയ്സ് ബ്ളാക്ക്, സിൽവർ, ഗോൾഡ്, പർപ്പിൾ എന്നീ നിറങ്ങളിലാണ് 14 പ്രോ, പ്രോ മാക്സ് മോഡലുകൾ ലഭ്യമാകുന്നത്.
♦ ഐഫോൺ 14 സീരീസ് വിലവിവരം
•ഐഫോൺ 14
$799 ഏകദേശം 63,700 രൂപ
•ഐഫോൺ14 പ്ളസ്
$899ഏകദേശം 71,600 രൂപ
•ഐഫോൺ 14 പ്രോ
$999 ഏകദേശം 79,600 രൂപ
•ഐഫോൺ 14 പ്രോ മാക്സ്
$1099 ഏകദേശം 87,600രൂപ
ഇന്ത്യൻ യൂണിറ്റുകളുടെ വില നിലവിൽ ആപ്പിൾ പുറത്തുവിട്ടില്ല.