-excise-raid

കോഴിക്കോട്: എക്‌സൈസ് നടത്തിയ റെ‌യ്‌ഡിൽ കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്ര് ഉപകരണങ്ങളും പിടികൂടി. കോഴിക്കോട് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ കൺട്രോൾ റൂമിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. സംഭവത്തിൽ അത്തോളി മൊടക്കല്ലൂർ സ്വദേശി മന്ദമംഗലത്തു 'ശ്രീലകം' വീട്ടിൽ പ്രീജയെ (43) അറസ്റ്റ് ചെയ്തു. കേരള എക്‌സൈസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോഴിക്കോട് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ കൺട്രോൾ റൂമിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി മന്ദമംഗലത്തു 'ശ്രീലകം' വീട് റെയിഡ് ചെയ്തു ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. കൊയിലാണ്ടി ഇൻസ്‌പെക്ടർ ജി.ബിനുഗോപാലും പാർട്ടിയും ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്. അത്തോളി മൊടക്കല്ലൂർ സ്വദേശി 43 വയസ്സുള്ള പ്രീജയെ അറസ്റ്റ് ചെയ്തു. 20 ലിറ്റർ ചാരായം, 50 ലിറ്റർ സ്‌പെന്റ് വാഷ്, 600 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, ചാരായം ബോട്ടിൽ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കണ്ടെടുത്തു.

പാർട്ടിയിൽ ഇൻസ്‌പെക്ടർ ജി.ബിനുഗോപാൽ പ്രിവന്റീവ് ഓഫീസർ കെ.എ ജയരാജൻ, സിവിൽ എക്‌സൈസ് ഓഫീസർ സോനേഷ്കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.എ ശ്രീജില എന്നിവർ ഉണ്ടായിരുന്നു.