elizabeth-queen-

ലണ്ടൻ : ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം അന്തരിച്ചു. 96 വയസുള്ള എലിസബത്ത് രാജ്ഞിയുടെ അന്ത്യം സ്‌കോട്ട്ലൻഡിലെ ബാൽമോറലിലെ കൊട്ടാരത്തിലായിരുന്നു. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്. രാജ്ഞി വിടപറയുമ്പോൾ അവർ പിന്തുടർന്നിരുന്ന ഒട്ടനവധി സ്വഭാവ രീതികളും ഓർമ്മിക്കപ്പെടേണ്ടതുണ്ട്. അതിലൊന്നായിരുന്നു രാജ്ഞിയുടെ ഹാൻഡ് ബാഗ്. എവിടെ പോകുമ്പോഴും കയ്യിൽ ചെറിയ ബാഗ് സൂക്ഷിക്കുവാൻ രാജ്ഞി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിൽ തന്റെ സുരക്ഷാഭടൻമാർക്ക് നൽകാനുള്ള നിരവധി കോഡുകൾ അവർ ഒളിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചരിത്രകാരനായ ഹ്യൂഗോ വിക്കേഴ്സിന്റെ അഭിപ്രായത്തിൽ രാജ്ഞി തന്റെ സുരക്ഷാ വൃന്ദത്തിലുള്ള ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ നൽകാനായി ഹാൻഡ്ബാഗ് ഉപയോഗിച്ചിരുന്നു എന്നാണ്. ഉദാഹരണത്തിന് രാജ്ഞി ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ തന്റെ ബാഗ് ഒരു കൈയിൽ നിന്ന് അടുത്തതിലേക്ക് മാറ്റുകയാണെങ്കിൽ ആ സ്ഥലത്ത് നിന്നും മാറാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ അതിഥികളുമായുള്ള കൂടിക്കാഴ്ച ഉടൻ അവസാനിപ്പിക്കും എന്ന സന്ദേശമാണ് നൽകുന്നത്. രാജ്ഞിയെ കാണാനെത്തുന്ന ലോകമെമ്പാടുമുള്ള ഭരണത്തലവൻമാരുൾപ്പടെയുള്ള പ്രശസ്ത വ്യക്തികളെ മുഷിപ്പിക്കാതെ ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകാനാണ് ഹാൻഡ് ബാഗ് കൊണ്ടുള്ള ഈ കോഡുകൾ രാജ്ഞി നൽകുന്നത്.

ബാഗ് ഒരു കൈയിൽ നിന്നും മറ്റൊരു കൈയിലേക്ക് മാറ്റുന്നതിന് പകരം മേശപ്പുറത്തായി വയ്ക്കുകയാണെങ്കിൽ അടുത്ത അഞ്ച് മിനിട്ടിനുള്ളിൽ ആ പരിപാടി അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങാൻ രാജ്ഞി ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് നൽകുന്നത്. എന്നാൽ മേശയിൽ വയ്ക്കുകയോ, കൈയിൽ നിന്നും മാറ്റിപിടിക്കുകയോ ചെയ്യുന്നതിന് പകരം ബാഗ് തറയിൽ വയ്ക്കുകയോ, ഇടുകയോ ചെയ്യുകയാണെങ്കിൽ ഇപ്പോൾ നിൽക്കുന്ന ഇടത്ത് നിന്നും വേഗം തന്നെ കൊണ്ടുപോകണം എന്ന സന്ദേശമാണ് രാജ്ഞി നൽകുന്നത്. രാജ്ഞിയുടെ ഹാൻഡ് ബാഗിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മാത്രം സുരക്ഷാ ഭടനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാഗിനൊപ്പം കൈയിലെ മോതിരം തിരിച്ചും രാജ്ഞി അനുചരൻമാർക്ക് രഹസ്യ സന്ദേശം കൈമാറാറുണ്ടെന്നും റിപ്പോർട്ടുണ്ട്.

പൊതുവെ രാജ്ഞിമാർ അതിഥികൾക്ക് ഷേക്ക് ഹാൻഡ് നൽകാനോ, ആലിംഗനം ചെയ്യാനോ, സെൽഫിക്കായി പോസ് ചെയ്യാനോ താത്പര്യം കാട്ടാറില്ല. അതിഥികൾക്ക് ഷേക്ക് ഹാൻഡ് നൽകുന്നത് ഒഴിവാക്കാനാണ് കേറ്റ് മിഡിൽടൺ തന്റെ ബാഗ് രണ്ട് കൈകളാൽ മുന്നിൽ പിടിച്ചുകൊണ്ട് നിൽക്കുന്നതെന്നും മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ മുൻപ് വന്നിട്ടുണ്ട്.