queen-elizabeth

ലീഡ്

ബ്രിട്ടനിലെ ജനങ്ങൾ മാത്രമല്ല ലോകജനത ആരാധനയോ‌ടെ കണ്ട മഹാരാജ്ഞിയായിരുന്നു ക്യൂൻ എലിസബത്ത് രണ്ട്. അത്ര വലുതായിരുന്നു അവരുടെ വ്യക്തി പ്രഭാവം. നിറവോടെയാണ് എന്നും അവർ ചിരിച്ചത്.. ഉള്ളിന്റെയുള്ളിലെ ലില്ലിബെറ്റിന്റെ കുസൃതിയും നർമ്മബോധവുമൊക്കെ എന്നും എലിസബത്ത് രാജ്ഞിയുടെ മുഖത്ത് കളിയാടിയിരുന്നു

---------------------------------------------------------------------------------------------------------------------------------------------------------------------

" ബ്രിട്ടനിലെ അടുത്ത രാജ്ഞി നീയായിരിക്കുമോ? "

പത്തു വയസുകാരിയായ ലില്ലി ബെറ്റിനോട് അനുജത്തി മാർഗരറ്റ് റോസ് ചോദിച്ചു.

(എലിസബത്ത് അലക്സാൻഡ്ര മേരിയെന്ന ക്യൂൻ എലിസബത്ത് രണ്ടിന്റെ ഓമനപ്പേര് ലില്ലിബെറ്റെന്നായിരുന്നു)

' അതെ..ഒരു ദിവസം ' എന്നായിരുന്നു ആ പത്തു വയസ്സുകാരിയുടെ മറുപടി.

'അയ്യോ ..പാവം ' എന്നായിരുന്നു മാർഗരറ്റിന്റെ പ്രതികരണം.

അന്നങ്ങനെ ചോദിക്കാൻ ഒരു കാരണമുണ്ടായിരുന്നു.

ഇരുവരുടെയും പിതാവ് ആൽബർട്ട് അദ്ദേഹത്തിന്റെ 41-ാം പിറന്നാളിന് നാലു ദിവസം മുമ്പ് അപ്രതീക്ഷിതമായി ബ്രിട്ടന്റെ രാജാവായി അധികാരത്തിലേറിയിരുന്നു. ജ്യേഷ്ഠ സഹോദരൻ കിംഗ് എഡ്വാർഡ് എട്ടാമന് രണ്ട് തവണ വിവാഹമോചിതയായ വില്ലീസ് വാർഫീൽഡ് സിംപ്സൺ എന്ന അമേരിക്കൻ വനിതയെ ജീവിത സഖിയാക്കിയതിനാൽ രാജ പദവി ഒഴിയേണ്ടി വന്നു.

പിതാവ് കിംഗ് ജോർജ് അഞ്ചാമന്റെ മരണത്തെതുടർന്ന് അധികാരത്തിലേറിയ എഡ്വാർഡ് എട്ടാമന് പത്ത് മാസം മാത്രമേ ആ പദവി വഹിക്കാൻ കഴിഞ്ഞിരുന്നുള്ളു. ലില്ലി ബെറ്റിന്റെയും മാർഗരറ്റിന്റെയും പിതാവ് ആൽബർട്ട്, കിംഗ് ജോർജ് ആറാമൻ എന്നറിയപ്പെട്ടു. ഒരിക്കലും താൻ ആ പദവിയിലെത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് നേവൽ ഓഫീസറായ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ കഥ അങ്ങനെയായിരുന്നില്ല. കിംഗ് ജോർജ് ആറാമന്റെ പിൻഗാമിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തിന് ഒരു മകൻ കൂടി ജനിക്കുകയാണെങ്കിൽ ആ സാധ്യത മാറിപ്പോകുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ക്യൂൻ എലിസബത്തിന്റെ (1) രണ്ട് പ്രസവങ്ങളും സിസേറിയനായിരുന്നു. അക്കാലത്ത് മൂന്നാമതൊരു സിസേറിയൻ കൂടി ആശ്യാസകരമായിരുന്നില്ലെന്നതിനാൽ ലില്ലിബെറ്റും മാർഗരറ്റ് റോസും മാത്രമായിരുന്നു ആ ദമ്പതികൾക്ക് മക്കളായുണ്ടായിരുന്നത്. അതോടെ പിതാവിന്റെ പിൻഗാമി എന്ന പരിഗണനയിലേക്ക് ലില്ലിബെറ്റ് പൂർണ്ണമായും ഉയർന്നു. അമ്മ അറിയപ്പെട്ടിരുന്നത് ക്യൂൻ എലിസബത്തെന്നതിനാലാണ് മകൾ ക്യൂൻ എലിസബത്ത് രണ്ട് എന്ന് വിശേഷിപ്പിക്കപ്പെട്ടത്.

പഠനം പാലസിൽ

കൊട്ടാരത്തിൽ അദ്ധ്യാപകരെ വരുത്തിയായിരുന്നു ലില്ലിബെറ്റിന്റെയും മാർഗരറ്റിന്റെയും പഠനം. ഗണിതശാസ്ത്രത്തിൽ മോശമായിരുന്നെങ്കിലും മറ്റു വിഷയങ്ങളിലും ഭാഷകളിലും ലില്ലിബെറ്റ് മികവ് കാട്ടി. ഭരണഘടനാ നിയമങ്ങളും പഠിച്ചു. അഞ്ചാമത്തെ വയസുമുതൽ നന്നായി വായിക്കാൻ അമ്മ മകളെ പ്രേരിപ്പിച്ചു. എല്ലാ ദിവസവും രാത്രി അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് ഡയറി എഴുതിച്ചു. തന്റെ സ്വഭാവരൂപീകരണത്തിൽ അമ്മയുടെ പങ്ക് വളരെ നിർണായകമായിരുന്നുവെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തോടൊപ്പം ബൈബിൾ കാണാപ്പാഠമാക്കാനും അമ്മ പഠിപ്പിച്ചിരുന്നു. തന്റെ വസ്ത്രങ്ങൾ ഉപയോഗിച്ച ശേഷം സ്വയം മടക്കിവയ്ക്കുക, മുറി വൃത്തിയായി സൂക്ഷിക്കുകയെന്നതിലൊക്കെ അവർ വലിയ ശ്രദ്ധ പുലർത്തി. നേവൽ ഓഫീസറായ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്യാനുള്ള തീരുമാനം ലില്ലിബെറ്റ് സ്വമേധയാ കൈക്കൊണ്ടതായിരുന്നു. വിവാഹത്തിനു തൊട്ടുമുമ്പ് മരുമകന് കിംഗ് ജോർജ് ആറാമൻ ഡ്യൂക്ക് ഓഫ് എഡിൻ ബരോ അടക്കം പല പദവികളും നൽകി.

ഏറ്റവും കൂടുതൽ പോർട്രെയിറ്റ്

വളരെ ചെറുപ്രായത്തിൽ തന്നെ ലില്ലിബെറ്റിന്റെ പോർട്രെയിറ്റുകൾ മാതാപിതാക്കൾ അറിയപ്പെടുന്ന ചിത്രകാരൻമാരെക്കൊണ്ട് വരപ്പിച്ചിരുന്നു. ജീവിതകാലത്തുടനീളം ഇരുനൂറോളം ചിത്രങ്ങൾ വരയ്ക്കപ്പെട്ടു. അവയൊക്കെ സൂക്ഷിച്ചുവച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ മറ്റുള്ളവർക്കു നൽകാനായി വരച്ചതല്ലേയെന്നായിരുന്നു മറുപടി. ബക്കിംഗ്ഹാം പാലസിൽ 775 മുറികളുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിയെന്നതിനൊപ്പം അവരുടെ ആസ്ഥാന ഓഫീസ് മന്ദിരം കൂടിയായിരുന്നു അത്. അവിടെ ബാൽക്കണിയിലൂടെ തനിക്കുമുന്നിലെ ലോകം കൊച്ചു ലില്ലിബെറ്റ് നോക്കിക്കാണുമായിരുന്നു. കുതിരസവാരിയിലും റെയ്സിലും കമ്പമുണ്ടായിരുന്നു.

റെക്കോ‌ഡ്

96-ാം വയസിൽ , അധികാരത്തിലേറി 70 വർഷങ്ങൾ പൂർത്തിയാക്കിയ ആദ്യ ബ്രിട്ടീഷ് രാജ്ഞിയായി അവർ മാറി. പ്രായത്തിന്റേതായ ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും മനസ്സുകൊണ്ട് കൊച്ചുമരുമകൾ കെയ്റ്റ് മിഡിൽട്ടനിന്റെ ചുറുചുറുക്കും ആത്മവിശ്വാസവുമോടെ ബക്കിംഗ് ഹാമിന്റെ ബാൽക്കണിയിൽ നിന്ന് ആ വേളയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു . അതായിരുന്നു ബാൽക്കണിയിൽ നിന്നുള്ള അവസാന കാഴ്ച.

1952 ഫെബ്രുവരി ആറിന് പിതാവ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തോടെ അധികാരത്തിലേറിയ എലിസബത്ത് രാജ്ഞി 63 വർഷം സിംഹാസനത്തിലിരുന്ന തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോഡാണ് മറികടന്നത്. 1926 ഏപ്രിൽ 21നു ജനിച്ച എലിസബത്ത് അലക്സാൻ‍‍ഡ്ര മേരി ഭരണകാലത്തിൽ റെക്കോഡ് സൃഷ്ടിച്ചാണ് കടന്നുപോകുന്നത്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വയസ്സിലാണ് അന്തരിച്ചത്. രാജ്ഞി സിംഹാസനത്തിലിക്കെ വിട പറഞ്ഞവരിൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 12 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ഉൾപ്പെടും. ലിസ് ട്രസ് വരെ പതിനഞ്ചോളം പ്രധാനമന്ത്രിമാരെക്കണ്ട രാജ്ഞിയാണ് എലിസബത്ത്. ആഴ്ചയിൽ ഒരിക്കൽ രാജ്ഞിയെ പ്രധാനമന്ത്രിമാർ കാണുന്ന പതിവുണ്ട് . സന്ദർശിക്കാൻ എത്തുന്ന പ്രധാനമന്ത്രിമാർ രാജ്ഞിയുടെ മുമ്പിൽ ഇരിക്കാറില്ല.നിൽക്കുകയേയുള്ളു. ഒരിക്കൽ തീരെ അവശനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് മാത്രമാണ് എലിസബത്ത് രാജ്ഞി ഇരിക്കാൻ നിർദ്ദേശിച്ചത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ മഹത് വ്യക്തിയായ എലിസബത്ത് രാജ്ഞിയുടെ മക്കളാണ് ചാൾസ് രാജകുമാരൻ, ആൻ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, എഡ്വേഡ് രാജകുമാരൻ എന്നിവർ.

ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചു. ആദ്യമായി ഇ–മെയി‍ൽ അയച്ച ബ്രിട്ടിഷ് രാജഭരണാധികാരി എന്ന പദവിയും എലിസബത്ത് രാജ്ഞിക്കു സ്വന്തമാണ്. നിർഭാഗ്യവശാൽ പ്രമുഖരിൽ ഏറ്റവുമധികം തവണ തെറ്റായ മരണവാർത്ത വന്നതും എലിസബത്ത് രാജ്‌ഞിയെക്കുറിച്ചാണ്.

"ഞാൻ വിവാഹം ചെയ്ത പങ്കാളിയാണ് എന്റെ രാജ്യം എന്റെ ഇംഗ്ലണ്ട് ''എന്ന് എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധികളിലൊക്കെ തളരാതെ നിന്നു. ഡയാനയുടേതടക്കം കുടുംബപ്രശ്നങ്ങളിൽ മാത്രമാണ് അവർ അല്പമെങ്കിലും ഉലഞ്ഞു പോയത്. പക്ഷേ ബ്രിട്ടീഷ് ജനത എന്നും അവരെ സ്നേഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കോട്ട്ലൻഡിലെ ബാൽമോറിലാണ് കൊച്ചു ലില്ലിബെറ്റും അനുജത്തി മാർഗരറ്റിനെയും പിതാവ് താമസിപ്പിച്ചിരുന്നത്. ഇപ്പോൾ അന്ത്യം സംഭവിച്ചതും അവിടെ വച്ചു തന്നെ. പരമാധികാരിയെന്ന നിലയിൽ വിവാദത്തിൽപ്പെടാതിരിക്കാനും ജനാധിപത്യ ഭരണകൂടത്തെ വെല്ലുവിളിക്കാനുമൊന്നും എലിസബത്ത് രാജ്ഞി മുതിർന്നില്ല. ബ്രിട്ടനിലെ ജനങ്ങൾ മാത്രമല്ല ലോകജനത ആരാധനയോ‌ടെ കണ്ട മഹാരാജ്ഞിയായിരുന്നു ക്യൂൻ എലിസബത്ത് രണ്ട്. അത്ര വലുതായിരുന്നു അവരുടെ വ്യക്തി പ്രഭാവം.