
ന്യൂഡൽഹി: കേന്ദ്ര ഏജൻസിയെന്നാൽ സി ബി ഐ എന്ന പേര് മാത്രം ഓർമ്മവന്നിരുന്നവർ ഇപ്പോൾ ഒരു പേരുകൂടി അതിനൊപ്പം ചേർത്ത് വയ്ക്കും, ഇ ഡി എന്ന ചുരുക്കപ്പേരിൽ അറിയുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണത്. കേരളത്തിൽ സ്വപ്ന സുരേഷും സംഘവും പ്രതികളായ സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ഇ ഡി സജീവ ചർച്ചയായതെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേതാക്കളുടേയും ബിസിനസുകാരുടേയും കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും, റെയിഡുകളുമാണ് ഇ ഡിയെ പ്രശസ്തമാക്കിയത്.
2005ൽ പ്രാബല്യത്തിൽ വന്ന കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള അന്വേഷണങ്ങൾക്കായി 992 പ്രോസിക്യൂഷൻ പരാതികളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇപ്പോൾ. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം ഇതുവരെ 8,000ത്തിലധികം കാരണം കാണിക്കൽ നോട്ടീസ് ഇഡി ഫയൽ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഫെമ, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണങ്ങളും ഇഡിയാണ് മേൽനോട്ടം വഹിക്കുന്നത്.
പാരീസ് ആസ്ഥാനമായുള്ള ഇന്റർഗവൺമെന്റൽ ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഇടപെടലിൽ ലോകമെമ്പാടും കള്ളപ്പണ ഇടപാടുകളും, തീവ്രവാദ ഫണ്ടിംഗുകളെയും കുറിച്ച് അന്വേഷിക്കാൻ രാജ്യത്ത് ചുമതലയുള്ള ഏജൻസിയും ഇഡിയാണ്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീ പ്രവർത്തികൾ ഇന്ത്യ എത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കുന്നു എന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന് മുന്നിൽ റിപ്പോർട്ട് നൽകുന്നതിൽ ഇഡിയുടെ പ്രവർത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ലോക ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നേടിയെടുക്കുന്നതിനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ റേറ്റിംഗ് രാജ്യത്തിന് ആവശ്യമാണ്. 2010ലാണ് ഇന്ത്യ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിൽ അംഗത്വം നേടിയത്.
രാജ്യത്തിനകത്ത് പല്ലും നഖവുമുള്ള ഏജൻസിയാക്കി ഇഡിയെ വളർത്തിയത് നോട്ടുനിരോധനമാണ്. നോട്ടുനിരോധനത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും കള്ളപ്പണം വെളുപ്പിച്ചവരെ ഇഡി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കിട്ടാക്കടമായ 23000 കോടിയാണ് ഇഡിയുടെ ഇടപെടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് ലഭിച്ചത്. ഇതിനൊപ്പം പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ആസ്തികൾ വിറ്റ് 15,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകാനും ഇഡിക്കായി. ഈ മൂന്ന് കേസുകളിൽ മാത്രം 19,000 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.