പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്ത ചിത്രം നിങ്ങളെ അടിമുടി ആവേശത്തിൽ ആറാടിക്കും. വിനയൻ എന്ന സംവിധായകന്റെ അതിശക്തമായ തിരിച്ചുവരവും സിജു വിൽസൻ എന്ന നടന്റെ ആക്ഷൻ താരമായിട്ടുള്ള പിറവിയുമാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം.
ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കാലം മറന്ന നവോത്ഥാന നായകനായി സ്‌ക്രീനില്‍ എത്തുന്ന സിജു വിൽസന്റെ പ്രകടനമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്. കൂടാതെ ഓരോ ഷോട്ടുകളും അതിഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരവും വളരെ മികച്ചതാണ്. ആ കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിക്കനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളുടെയും വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചെമ്പൻ വിനോദ് അവതരിപ്പിച്ചിരിക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രം എത്തുന്നത്. നങ്ങേലി എന്ന കഥാപാത്രമായി തിളങ്ങിയ കയാദു ലോഹറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാട്ടുകൾ ചിത്രത്തിന് കൂടുതൽ മികവ് നൽകുന്നുണ്ട്. മുലക്കരം, മീശക്കരം, തലക്കരം തുടങ്ങി ഒരുകാലത്ത് നിലനിന്നിരുന്ന എല്ലാ അനീതികളെയും തുറന്നുകാട്ടുന്ന ചിത്രം കൂടിയാണിത്.
